വഡോദര : പൊതുനിരത്തുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം പരസ്യമായി പ്രദർശിപ്പിച്ചുകൊണ്ടുള്ള വില്പന നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവുമായി വഡോദര മുനിസിപ്പൽ കോർപ്പറേഷൻ. ഈ കടകൾക്ക് സമീപത്തുകൂടി നടന്നുപോവുന്നവരിൽ നിന്ന് നിരന്തരം ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നടപടി കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് ഡെപ്യൂട്ടി മേയർ നന്ദ ജോഷി പറഞ്ഞു. ഇങ്ങനെ പരസ്യമായി പ്രദർശിപ്പിച്ച് വിൽക്കുന്ന മാംസാഹാരം വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആണ് സൂക്ഷിക്കുന്നത് എന്നും ഈ സ്റ്റാളുകൾക്ക് സമീപത്തുകൂടി കടന്നുപോവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കണ്ണിൽ നീറ്റൽ അനുഭവപ്പെടുന്നു എന്നുമുള്ള പരാതികളാണ് ലഭിച്ചത് എന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത് നോട്ടിഫിക്കേഷൻ മാത്രമാണ് എന്നും, നിരോധനം നടപ്പിൽ വരുമ്പോൾ അത് ലംഘിക്കുന്നവർക്കു നേരെ എന്ത് നടപടി സ്വീകരിക്കണം എന്നത് വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അധികാരികൾ പറഞ്ഞു.