ദില്ലി: സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് അർദ്ധരാത്രി മുതൽ ആരംഭിക്കും. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ എന്ന വാഗ്ദാനം കേന്ദ്രസർക്കാർ പാലിച്ചില്ല, വർദ്ധിച്ചുവരുന്ന വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ, ജിഎസ്ടിയെത്തുടർന്ന് ചെറുകിട മേഖലയ്ക്കുണ്ടായ തകർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മോദി സർക്കാരിന്റ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. റെയിൽവെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ - ടാക്സി തൊഴിലാളികള്‍ കേന്ദ്ര -സംസ്ഥാന ജീവനക്കാർ, ബാങ്കിംഗ്- ഇൻഷുറൻസ് മേഖല, ബിഎസ്എൻഎൽ ജീവനക്കാർ തുടങ്ങിയവർ പണിമുടക്കില്‍ പങ്കെടുക്കും. കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത് കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 48 മണിക്കൂർ ഗ്രാമീൺ ബന്ദിന് കിസാൻ സഭ ആഹ്വാനം ചെയ്തിട്ടുണ്ട്.ശബരിമല വിഷയത്തെ തുടർന്ന് സംസ്ഥാനത്ത് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹർത്താലുകൾക്ക് പിന്നാലെയാണ് ദേശീയ പണിമുടക്ക്, 19ഓളം തൊഴിലാളി യൂണിയനുകൾ പങ്കെടുക്കുന്നതിനാൽ പണിമുടക്ക് ഹർത്താലിന് സമാനമായി മാറാനാണ് സാധ്യത. പാൽ, പത്രം, ആശുപത്രി, ടൂറിസം മേഖലകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.