ദില്ലി: രാജ്യത്തിൻ്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോർട്ട്. പാർലമെൻ്ററി പാനൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 ഡിസംബർ 8 ന് Mi-17 V5 ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് മരിച്ചത്.
തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റർ തകർന്ന് വീണുണ്ടായ അപകടത്തിൽ മേജർ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് നിരവധി സായുധ സേനാംഗങ്ങളും മരിച്ചിരുന്നു. ചൊവ്വാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി പതിമൂന്നാം പ്രതിരോധ പദ്ധതി കാലയളവിൽ നടന്ന ഇന്ത്യൻ വ്യോമസേനയുടെ വിമാനാപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. 2021-22ൽ ഒമ്പത് വിമാനാപകടങ്ങളാണ് ഉണ്ടായത്. 2018-19ൽ 11 അപകടങ്ങളും ഉണ്ടായി. ഇതോടെ മൊത്തം അപകടങ്ങളുടെ എണ്ണം 34 ആയി.
റിപ്പോർട്ടിൽ 33-ാമത്തെ അപകടമായാണ് ബിപിൻ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിൻ്റെ ഡാറ്റയിൽ വിമാനത്തെ 'Mi-17' എന്നും തീയതി '08.12.2021' എന്നുമാണ് പരാമർശിച്ചിരിക്കുന്നത്. അപകടത്തിന് കാരണം 'HE(A)' അഥവാ 'Human Error (aircrew)' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.