ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ വലിയ നാശം. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും വിരവധി പേരെ കാണാതായി. ഡല്‍ഹിയില്‍ ഒറ്റ ദിവസം പെയ്തത് 14 വര്‍ഷത്തിനിടെയുള്ള റെക്കോഡ് മഴയാണ്. രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. സുരക്ഷിതമെങ്കില്‍ വീടിനുള്ളില്‍ തന്നെ തുടരണം അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഐഎംഡി മുന്നറിയിപ്പ് നല്‍കി.
നഗരത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഓഗസ്റ്റ് ഒന്നിന് അവധിയായിരിക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു. ലുട്ടിയന്‍സ് ഡല്‍ഹിയിലെ റോഡുകളിലും ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലും ഗതാഗതം താറുമാറായി. കൊണാട്ട് പ്ലേസില്‍ നിരവധി ഷോറൂമുകളിലും റെസ്റ്റോറന്റുകളിലും വെള്ളം കയറി. ഗാസിപൂരില്‍ ഖോഡ കോളനിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ തെന്നിവീണ് അമ്മയും മകനും മുങ്ങി മരിച്ചു.
നോയിഡയില്‍ രാത്രി പെയ്ത കനത്ത മഴയില്‍ നിരവധി അടിപ്പാതകള്‍ വെള്ളത്തിനടിയിലായി. ഗുരുഗ്രാമിലെ ഇഫ്കോ ചൗക്കില്‍ വെള്ളം നിറഞ്ഞ റോഡിലേക്ക് കേടായ വൈദ്യുതികമ്പി വീണതിനെ തുടര്‍ന്ന് മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. പ്രതികൂല കാലാവസ്ഥ വ്യോമഗതാഗതത്തെയും തടസപ്പെടുത്തി. ഡല്‍ഹിയിലേക്കുള്ള 10 വിമാനങ്ങളെങ്കിലും ജയ്പൂരിലേക്കും ലഖ്നൗവിലേക്കും തിരിച്ചുവിട്ടു.
ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലും മേഘവിസ്‌ഫോടനം ഉണ്ടായി. മുഹല്‍ തെരാംഗിന് സമീപമുള്ള രാജ്ബാന്‍ ഗ്രാമത്തിലെ മേഘവിസ്‌ഫോടനം മണ്ണിടിച്ചിലിന് കാരണമായി. ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാണ്. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ജഖനിയാലിയില്‍ മേഘസ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.