ദില്ലി: കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായ കർഷക സംഘടനകൾ (farmers) ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം. രാജ്യവ്യാപകമായി കർഷകരും ട്രേഡ് യൂണിയനുകളും ഇടത് സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങി. കേരളത്തിൽ ഭാരത് ബന്ദ് ഹർത്താലായി പരിണമിച്ചപ്പോൾ, കർഷകരുടെ ദേശീയ പാത ഉപരോധത്തെ തുടർന്ന് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അനവധി ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. പ്രതിഷേധത്തിൽ നിന്ന് കർഷകർ പിൻമാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി കർഷകരോട് അഭ്യർത്ഥിച്ചു.സമരം നടത്തി സംഘർഷമുണ്ടാക്കരുതെന്നും ചർച്ചയുടെ വഴിയിലേക്ക് കർഷകർ എത്തണമെന്നും നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് രാകേഷ് ടിക്കായത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ദില്ലി-ഗുരുഗ്രാം അതിർത്തിയിൽ കർഷക സംഘടനകളുടെ ദേശീയ പാതാ ഉപരോധത്തെ തുടർന്ന് കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. ദില്ലിക്ക് ചുറ്റുമുള്ള കെ എം പി എക്സ്പ്രസ് ഹൈവേയിലെ എല്ലാ ടോളുകളും കർഷക സംഘടനകൾ ഉപരോധിച്ചു. ഹരിയാനയിലെ ബഹാദൂർഗഡിൽ കർഷകർ ട്രെയിൻ തടഞ്ഞു. അമൃത്സറിലും റെയിൽവേ ട്രാക്കിലിരുന്ന് കർഷകരുടെ പ്രതിഷേധമുണ്ടായി.
ഭാരത് ബന്ദ് കണക്കിലെടുത്ത് അധിക ജാഗ്രത വേണമെന്ന് യുപിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എഡിജിപി നിർദേശം നൽകി. നിർദേശത്തിന് പിന്നാലെ യുപി അതിർത്തികളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഭാരത് ബന്ദിനും കർഷകരുടെ സമരത്തിനും പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്ത് എത്തി. കർഷകരുടെ അഹിംസ സമരം അചഞ്ചലമായി തുടരുകയാണെന്നും എന്നാൽ ചൂഷകരായ സർക്കാരിന് സമരം തീർക്കാൻ താൽപ്പര്യമില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കർഷക സമരത്തിന് ഐക്യദാർഡ്യം പ്രകടപ്പിച്ച് ആർജെഡിയും ഇന്ന് സജീവമായി രംഗത്തിറങ്ങി. മുകേഷ് റോഷന്റെ നേതൃത്വത്തിലുള്ള ആർജെഡി പ്രവർത്തകർ ബിഹാറിലെ ഹാജിപൂരിൽ സമരം നടത്തി.