ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച് മുതിർന്ന നേതാവ് അംബിക സോണി. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജി വച്ചതോടൊണ് പുതിയ മുഖ്യമന്ത്രിക്കായി കോൺഗ്രസ് ചർച്ച ആരംഭിച്ചത്. ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അംബിക സോണി മുഖ്യമന്ത്രി സ്ഥാനത്തിന് താൽപര്യമില്ലെന്ന് അറിയിച്ചത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടന്നത്.
പഞ്ചാബ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചത്. മുപ്പതിലേറെ എംഎൽഎമാർ ആംആദ്മി പാർട്ടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനെ കൈവിട്ടത്.
ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സർവ്വെയും അമരീന്ദറിന് തിരിച്ചടിയായിരുന്നു. കോൺഗ്രസ് പാർട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.