ദില്ലി: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്, ഹരിയാനയിലും ഉത്തർപ്രദേശിലും പരക്കെ വാഹനാപകടങ്ങളുണ്ടായി. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, നോർത്ത് രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല സഞ്ചരിച്ചിരുന്ന വാഹനം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവുമായി കൂട്ടിയിടിച്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതേസമയം ദുഷ്യന്ത് ചൗട്ടാലയ്ക്ക് പരിക്കില്ല. ഉത്തർപ്രദേശിൽ ബസ്സും കണ്ടെയ്നറും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകട സമയത്ത് 60 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ദില്ലിയിലെ പാലത്തിൽ രാവിലത്തെ കണക്ക് പ്രകാരം 25 മീറ്റര്‍ മാത്രമാണ് കാഴ്ചാപരിധി. സഫ്ദർജംഗ് മേഖലയിൽ 50 മീറ്ററായിരുന്നു ഇത്. അമൃത്‌സർ, ഗംഗാനഗർ, പട്യാല, ലഖ്‌നൗ എന്നിവിടങ്ങളിൽ 25 മീറ്റർ കാഴ്ചാ പരിധിയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തത്. ഭട്ടിൻഡയിൽ, കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി 0 ആയി കുറഞ്ഞു.
കനത്ത മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറവായതിനാൽ ഇന്നും നാളെയും പഞ്ചാബ്, ഹരിയാന, ദില്ലി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാഴ്ച മങ്ങിയത് റോഡ്, റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ശ്രദ്ധയോടെയാണ് ആളുകൾ വാഹനങ്ങൾ ഓടിക്കുന്നത്. ഇത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
ദില്ലി എയര്‍പ്പോര്‍ട്ടിൽ ഫോഗ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഴ്ചക്കുറവ് കുറവായതിനാൽ അതിനുള്ള നടപടകൾ സ്വീകരിച്ചതായി എയര്‍പ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവിൽ, എല്ലാ വിമാന സര്‍വീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധകൃതര്‍ കൂട്ടിച്ചേർത്തു.