ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 1, 5 തിയ്യതികളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജിവ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വോട്ടെണ്ണൽ ഡിസംബർ എട്ടിന്. 2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സർക്കാരിന്റെ കാലാവധി കഴിയുക.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി ആറു തവണയായി ബിജെപിക്കാണ് വിജയം. എന്നാൽ സീറ്റുകളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരികയാണ്. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയില്‍ ഭൂരിപക്ഷ ലഭിക്കാന്‍ 92 സീറ്റ് ലഭിക്കണം.
22 വർഷത്തിനിടെ ബിജെപിക്കു ഗുജറാത്തിൽ കിട്ടുന്ന ഏറ്റവും കുറഞ്ഞ എണ്ണം സീറ്റുകളാണ് 2017 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ആകെയുള്ള 182 ൽ 99 സീറ്റ്. കോൺഗ്രസ് സഖ്യം 80 സീറ്റുകളിലാണു വിജയിച്ചത്. കോൺഗ്രസ് ഒറ്റയ്ക്ക് 77 സീറ്റുകൾ നേടി. 51,782 പോളിംഗ് സ്റ്റേഷനുകളിലായി 4.9 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.