മോർബി: മോർബിൽ തൂക്കുപാലം തകർന്ന് 47 കുട്ടികളടക്കം 135 ലേറെ പേർ മരിച്ച അപകടത്തിൽ ഗുജറാത്തിലെ ബിജെപി സർക്കാർ പ്രതിക്കൂട്ടിൽ. മുൻപരിചയമില്ലാത്ത കമ്പനിക്ക് അറ്റകുറ്റപ്പണി കരാർ നൽകിയതിൽ ഉൾപ്പെടെ സർക്കാരിന് വീഴ്‌ചയുണ്ടായി.
കരാർ കമ്പനിയുടെ ഒമ്പതു പേരെ അറസ്റ്റ് ചെയ്‌തതൊഴിച്ചാൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. അപകടത്തിന്റെ ഉത്തരവാദിത്വം കരാറെടുത്ത ഒറേവ കമ്പനിയുടെ തലയിൽവച്ച് ഒഴിഞ്ഞുമാറാനാണ് സർക്കാർ ശ്രമം. അപകടത്തിനുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ഒറേവ മാനേജിങ് ഡയറക്ടർ ജയ്സുഖ്ഭായ് പട്ടേൽ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല. പട്ടേലും മോർബി മുനിസിപ്പാലിറ്റിയുമാണ് തൂക്കുപാലം പരിപാലനത്തിന് കരാറൊപ്പിട്ടത്. 15 വർത്തേക്കാണ് കരാർ. മാർച്ചിൽ നവീകരണത്തിനായി അടച്ച പാലം കഴിഞ്ഞ 26ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പോലുമില്ലാതെ തുറന്നു. പാലം തുറന്നത് അറിയില്ലാന്നാണ് സർക്കാർ വിശദീകരണം. എന്നാൽ പ്രവൃത്തി പരിചയമില്ലാത്ത ക്ലോക്ക് നിർമാണ കമ്പനിക്ക് കരാർ നൽകിയതിനെ കുറിച്ച് ഇതുവരെ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. പാലത്തിലെ ചില പഴയ കേബിളുകൾ പുനർനിർമാണത്തിൽ മാറ്റിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
ചൊവ്വ വൈകിട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദർശിച്ചു. സന്ദർശനത്തിന് തൊട്ടുമുമ്പ് കരാര്‍ കമ്പനിയുടെ പേര് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചു. കമ്പനിയുമായി ബിജെപിക്ക് ബന്ധമുണ്ടെന്നും കരാറിനുപിന്നിൽ വൻ അഴിമതിയുണ്ടെന്നും പ്രതിപക്ഷ പാർടികൾ ആരോപിച്ചു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി തിരക്കിട്ട് പാലം തുറന്നുകൊടുത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.