മുംബൈ: ബെൽജിയം ആസ്ഥാനമായ ഏജിയസ് ഇൻഷുറൻസ് ഇന്റർനാഷണൽ എൻവി, ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 74% ആക്കി ഉയർത്തി. ഇതോടെ ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ഒരു വിദേശ പങ്കാളിയുടെ ഉടമസ്ഥതയിൽ 74% ഓഹരിയുള്ള ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനിയായി മാറി. ഐഡിബിഐ ബാങ്കിൽ നിന്ന് 25% ഓഹരികൾ ഏറ്റെടുത്തു കൊണ്ടാണ് ഏജിയസ് 49%ആയിരുന്ന ഓഹരി പങ്കാളിത്തം 74% ആയി ഉയർത്തിയത്. 2007 - ൽ സ്ഥാപിതമായ സംയുക്ത സംരംഭത്തിൽ ഫെഡറൽ ബാങ്കിന് 26% ഓഹരിയുണ്ട്. ഐഡിബിഐ ബാങ്ക് ഒരു ഷെയർഹോൾഡർ എന്ന നിലയിൽ പുറത്തു കടന്നെങ്കിലും വിതരണ പങ്കാളിയായി തുടരും.
2021-22 സാമ്പത്തിക വർഷത്തിൽ ഏജസ് ഫെഡറലിന്റെ മൊത്തം പ്രീമിയം 13% ഉയർന്ന് 2,207 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിൽ ഇത് 94 കോടി രൂപ അറ്റാദായം പ്രഖ്യാപിച്ചു. "ഇൻഷുറൻസ് കമ്പനികളിൽ അനുവദനീയമായ എഫ് ഡി ഐ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തുമെന്ന് 2021ലെ കേന്ദ്ര ബജറ്റിൽ ബഹുമാനപ്പെട്ട ധനമന്ത്രി പ്രഖ്യാപിച്ചതിനു ശേഷം ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്ആ നേട്ടം കൈവരിച്ചതിൽ അഭിമാനമുണ്ട്," ഓഹരി കൈ മാറ്റത്തെക്കുറിച്ച് സംസാരിച്ച ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ വിഘ്നേഷ് ഷഹാനെ പറഞ്ഞു
‘’പാൻഡെമിക് മൂലമുള്ള വിവിധ വെല്ലുവിളികളും ഓഹരി വിൽപ്പനയെക്കുറിച്ചുള്ള അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, പുതിയ നാഴികക്കല്ലുകൾ നേടാനും തുടർച്ചയായി പത്ത് വർഷത്തേക്ക് ലാഭം പ്രഖ്യാപിക്കാനും കഴിഞ്ഞു. ഞങ്ങളുടെ ഷെയർഹോൾഡർമാരായ ഏജിയസിന്റെയും ഫെഡറൽ ബാങ്കിന്റെയും പിന്തുണയോടെ, ഞങ്ങളുടെ യാത്രയുടെ അടുത്ത അധ്യായം കമ്പനിക്ക് കൂടുതൽ വിജയവും വളർച്ചയും നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ”ശ്രീ. ഷഹാനെ കൂട്ടിച്ചേർത്തു.