ന്യൂഡൽഹി: രാജ്യത്ത് കുറയാതെ കൊവിഡ് കേസുകള്‍. ചൊവ്വാഴ്ച മാത്രം 4,043 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,45,43,089 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആക്ടീവ് കൊവിഡ് കേസുകള്‍ 47,379 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 5,28,370 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നിരക്ക് 98.71 ശതമാനമാണ്. 24 മണിക്കൂറിനുള്ളില്‍ 648 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തരായത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.37 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.81 ശതമാനവുമാണ്.
അതേസമയം കൊവിഡ് വ്യാപനം ആഗോള അടിയന്തരാവസ്ഥയായി തുടരുകയാണെന്നും മാനദണ്ഡങ്ങള്‍ എല്ലാ രാജ്യങ്ങളും കൃത്യമായി പാലിച്ചാല്‍ വൈറസ് വ്യാപനം പൂര്‍ണമായും ഇല്ലാതാകുമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു.