ശ്രീനഗർ: 30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകൾ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് തീയറ്ററുകൾ തുറന്നുകൊടുത്തത്.
1980-കളിൽ ശ്രീനഗർ നഗരത്തിൽ കുറഞ്ഞത് എട്ട് തിയറ്ററുകൾ ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം സുരക്ഷാ സേനകളുടെ ക്യാമ്പുകളാക്കി മാറ്റുകയായിരുന്നു. 2021-ൽ ജമ്മു കശ്മീർ ഭരണകൂടം സിനിമകളുടെ ചിത്രീകരണത്തിന് പ്രോത്സാഹനം നൽകിയെങ്കിലും തീയറ്ററുകളുടെ അഭാവം മൂലം വാണിജ്യ സിനിമകൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
‘ ജമ്മു കശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. പുൽവാമയിലും ഷോപ്പിയാനിലും മൾട്ടി പർപ്പസ് സിനിമ ഹാളുകൾ തുറന്നു. സിനിമ പ്രദർശനം, നൈപുണ്യ വികസന പരിപാടികൾ, യുവജനങ്ങളുടെ വിനോദ – വിജ്ഞാന പരിപാടികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു’, ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ആമിർ ഖാന്റെ ‘ലാൽ സിംഗ് ഛദ്ദ’യാണ് തീയറ്ററുകളിൽ ആദ്യം പ്രദർശിച്ചത്. ഈ സിനിമയുടെ കുറച്ച് ഭാഗങ്ങൾ കശ്മീരിലാണ് ചിത്രീകരിച്ചിട്ടുള്ളത്. തീയറ്ററിന് പുറത്ത് പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. നിലവിൽ ടിക്കറ്റുകൾ കൗണ്ടറിൽ നിന്നാണ് നൽകുന്നത്. ഓൺലൈൻ ടിക്കറ്റ് സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
A historic day for J&K UT! Inaugurated Multipurpose Cinema Halls at Pulwama and Shopian. It offers facilities ranging from movie screening, infotainment and skilling of youth. pic.twitter.com/QraMhHXSuN
— Office of LG J&K (@OfficeOfLGJandK) September 18, 2022