ന്യൂഡൽഹി : ജുഡീഷ്യറിയിലുള്ള വിശ്വാസം പതുക്കെ ഇല്ലാതാവുകയാണെന്ന് സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. എസ്‌പി നേതാവ് അസം ഖാന്റെ മകന്റെ 2017ലെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്ന ഹർജിയിൽ വാദംകേൾക്കവെയാണ് സിബിലിന്റെ നിരീക്ഷണം. സുപ്രീംകോടതിയിൽ ഒരു പ്രതീക്ഷയുമില്ലെന്ന് നേരത്തേ ഒരു പൊതുചടങ്ങിലും സിബൽ അഭിപ്രായപ്പെട്ടിരുന്നു. സാക്കിയ ജാഫ്രി കേസിലെയും ഇഡി കേസിലെയും വിധിന്യായങ്ങളെ വിമർശിച്ചായിരുന്നു ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബി വി നാഗരത്‌ന എന്നിവരുൾപ്പെട്ട ബെഞ്ചു മുമ്പാകെ സിബലിന്റെ പ്രതികരണം.
ജുഡീഷ്യറിയിൽ സാധാരണക്കാർക്കുള്ള വിശ്വാസം ഇടിയാതെ എങ്ങനെ നിലനിൽക്കാമെന്നതാണ് പരിഗണിക്കേണ്ടതെന്ന്- ജസ്റ്റിസ് രസ്‌തോഗി പറഞ്ഞു. ബാറും ബെഞ്ചും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാൽ ജുഡീഷ്യറിയിലുള്ള വിശ്വാസം നിലനിൽക്കുമെന്ന് സിബൽ മറുപടിയായി പറഞ്ഞു.