· കോണ്‍ഫറന്‍സില്‍ നൊബേല്‍ ജേതാവ് ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ഡോക്ടര്‍മാര്‍, പ്രമുഖ ശാസ്ത്രജ്ഞര്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും വൈദ്യശാസ്ത്രത്തിലും ഡയഗ്നോസ്റ്റിക് പരിചരണത്തിലും ഏറ്റവും പുതിയ പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും
· ഡ്രഗ് ആന്‍ഡ് ബയോളജിക്സ്: കണ്ടെത്തല്‍, വികസനം, നാനോ ടെക്നോളജി എന്നീ വിഷയങ്ങളില്‍ സമാന്തര സെഷനുകളും കോണ്‍ഫറന്‍സില്‍ ഉണ്ടാകും
കൊച്ചി: മോളികുലര്‍ ഡയഗ്നോസിസ്, പ്രിസിഷന്‍ മെഡിസിന്‍ മേഖലകളിലെ ആധുനീക പ്രവണതകളെകുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ നടക്കും. ഔഷധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന മേഖലയായി ഇതു മാറുന്നതിന്‍റെ വിവിധ ഘടകങ്ങളാവും കോണ്‍ഫറന്‍സ് മുഖ്യമായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്ന്. എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. മോളികുലര്‍ ഡയഗ്നോസിസ്, കാന്‍സര്‍, പകര്‍ച്ച വ്യാധികള്‍, അപൂര്‍വ്വ രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പേഴ്സണലൈസ്ഡ് തെറാപികള്‍, ബയോ നാനോടെക്നോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധര്‍ പങ്കെടുക്കുന്നവരില്‍ ഉള്‍പ്പെടും. അകാദമിക് ചര്‍ച്ചകള്‍ക്കു പുറമെ നിക്ഷേപകര്‍, സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
മോളികുലര്‍ ഡയഗ്നോസിസും പ്രിസിഷന്‍ മെഡിസിനും ആധുനീക വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായിരിക്കുമെന്ന് കോവിഡ് മഹാമാരി ഉറപ്പിച്ച സാഹചര്യത്തില്‍ ഈ കോണ്‍ഫറന്‍സിനു പ്രത്യേക പ്രസക്തിയാണുള്ളത്. മോളികുലര്‍ രംഗത്തെ മുന്നേറ്റങ്ങളാണ് വന്‍ തോതില്‍ കോവിഡ് പരിശോധനാ ലാബുകള്‍ ആരംഭിക്കാന്‍ സഹായകമായത്. ഇതേ രീതിയില്‍ വൈറസിനെതിരെയുള്ള വാക്സിന്‍ വികസിപ്പിക്കാന്‍ ആധുനീക ജിനോമിക് സീക്വന്‍സിങ് സാങ്കേതികവിദ്യയും സഹായകമായി. മഹാമാരിക്കു മുന്‍പ് വളരെ പരിമിതമായ മേഖലകളില്‍ മാത്രമായിരുന്ന ന്യൂക്ലിക് ആസിഡ് അധിഷ്ഠിത പരിശോധനകള്‍ ഗണ്യമായ വളര്‍ച്ച നേടി. ഈ മേഖലകളിലെല്ലാമുള്ള മുന്നേറ്റങ്ങള്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ സൈജീനോം റിസര്‍ച്ച് ഫൗണ്ടേഷനാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. അണ്ണാ സര്‍വകലാശാലയിലെ ബയോടെക്നോളജി കേന്ദ്രം ആതിഥേയത്വം വഹിക്കും. പ്ലീനറി പ്രഭാഷണങ്ങള്‍, ക്ഷണിക്കപ്പെട്ടവരുടെ പ്രഭാഷണങ്ങള്‍, വിദ്യാര്‍ത്ഥികളുടെ പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, നെറ്റ് വര്‍ക്കിങ് സെഷനുകള്‍, മറ്റു ശാസ്ത്ര സാങ്കേതിക സെഷനുകള്‍ തുടങ്ങിയവയും ടെക്നിക്കല്‍ സെഷനുകള്‍ക്കു പുറമെ നടക്കും.
ഗവേഷകര്‍, പുതുമകള്‍ കണ്ടെത്തുന്നവര്‍, മറ്റു വ്യാവസായിക പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒത്തുചേരാനും ഈ രംഗത്തെ മുന്നേറ്റങ്ങള്‍ക്കായി സംഭാവനകള്‍ നല്‍കാനുമുള്ള മുഖ്യ അവസരമായിരിക്കും ഇത്.