ന്യൂഡൽഹി: സ്ത്രീകൾ ഒട്ടും സുരക്ഷിതമല്ലാത്ത നഗരം ഡൽഹിയെന്ന് കണക്കുക്കൾ. 2021ൽ സ്ത്രീകൾക്കെതിരെ 13,892 കുറ്റകൃത്യങ്ങളാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2020 നെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ വർധനയാണ് സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിൽ ഉണ്ടായിരിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ.
19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ സ്ത്രീകൾക്കെതിരെ റിപ്പോർട്ട് ചെയ്ത മുഴുവൻ കേസുകളുടെ എണ്ണം 43,414 ആണ്. ഇതിൻ്റെ 32.20 ശതമാനവും ഡൽഹിലാണ് റിപ്പോർട്ട് ചെയ്തത്. 5,543 കേസുകളുമായി മുംബൈ രണ്ടാമതും, 3,127 കേസുകളുമായി ബെംഗളൂരു മൂന്നാമതുമാണുള്ളത്. മൊത്തം കുറ്റകൃത്യങ്ങളിൽ യഥാക്രമം 12.76 ശതമാനവും 7.2 ശതമാനവും മുംബൈയിലും ബെംഗളൂരുവിലുമാണ് റിപ്പോർട്ട് ചെയ്തതെന്നും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു.
ഡൽഹിയിൽ പ്രതിദിനം രണ്ടിലധികം പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. തട്ടിക്കൊണ്ടുപോകൽ (3948), ഭർത്താക്കന്മാരിൽ നിന്നുള്ള ക്രൂരത (4674), ബലാത്സംഗം (833) എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ സ്ത്രീകൾക്കെതിരായ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ ദേശീയ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021-ൽ 136 സ്ത്രീധന മരണ കേസുകൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് ഭീഷണി മൂലമുള്ള മൊത്തം മരണത്തിന്റെ 36.26 ശതമാനമാണ്. അതേസമയം കൊലപാതക കേസുകളിൽ നേരിയ കുറവുണ്ടായതായി എൻ.സി.ആർ.ബി റിപ്പോർട്ട് വ്യക്തമാക്കുന്നു.