പാട്‌ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ജെ.ഡി.യു എൻ.ഡി.എ സർക്കാരിൽ തുടരുന്നതിൽ ഉടൻ തീരുമാനമുണ്ടാകും. എൻ.ഡി.എ വിട്ടാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് പാർട്ടിയുടെ ഉന്നതതല നേതൃയോഗം വിളിച്ചിരുന്നു. എം.പിമാർ, എം.എൽ.എർ അടക്കമുള്ള പ്രമുഖർ യോഗത്തിൽ സംബന്ധിച്ചിട്ടുണ്ട്. സ്‌ഫോടനാത്മകമായ വാർത്ത ഉടൻ പുറത്തുവരുമെന്നാണ് യോഗത്തിനുശേഷം ഒരു നേതാവ് ദേശീയമാധ്യമമായ 'എൻ.ഡി.ടി.വി'യോട് പറഞ്ഞത്. ബിഹാറിൽ നിലവിലെ സ്ഥിതിയിൽ സർക്കാരിനു മുന്നോട്ടുപോകാനാകില്ലെന്ന് ഒരു ബി.ജെ.പി നേതാവും വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിനു പുറമെ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി) നേതൃത്വവും നിതീഷിനെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. എൻ.ഡി.എ വിട്ടു പുറത്തുവന്നാൽ പിന്തുണയ്ക്കാൻ തയാറാണെന്ന കാര്യം ആർ.ജെ.ഡി തലവൻ തേജസ്വി യാദവുമായി അടുത്ത ബന്ധമുള്ള നേതാക്കൾ നിതീഷിനെ അറിയിച്ചതായാണ് വിവരം. നിലവിൽ ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ആർ.ജെ.ഡി.
243 അംഗ സഭയിൽ എൻ.ഡി.എ മുന്നണിക്ക് 125 സീറ്റാണുള്ളത്. ബി.ജെ.പി-53, ജെ.ഡി.യു-43. അതേസമയം, ആർ.ജെ.ഡിയുവിന്റെ 79 അടക്കം മഹാസഖ്യത്തിന് 110 സീറ്റുമുണ്ട്. കോൺഗ്രസിന് 27ഉം സി.പി.ഐ.എം.എല്ലിന് 12ഉം അംഗങ്ങളുണ്ട്.