വാഷിങ്ടൺ: അമ്മയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്‌ക്രോൾ ചെയ്തു പോകുമ്പോഴാണ് ഒരു മത്സരത്തിന്റെ പരസ്യം വേദാന്ത് ശ്രദ്ധിക്കുന്നത്. ഒരു യു.എസ് കമ്പനി നടത്തുന്ന വെബ് ഡെവലപ്‌മെന്റ് മത്സരമായിരുന്നു അത്. ഒന്നും നോക്കിയില്ല. അമ്മയുടെ പഴയ ലാപ്‌ടോപ്പിൽ രണ്ടു ദിവസമെടുത്ത് 2,066 വരി കോഡ് പൂർത്തീകരിച്ച് അയച്ചുകൊടുത്തു. മത്സരഫലം വന്നപ്പോൾ വിജയിയായതും വേദാന്ത് തന്നെ!
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരത്തോളം പേർ പങ്കെടുത്ത മത്സരത്തിലാണ് വെറും 15കാരനായ വേദാന്ത് ഒന്നാമനായത്! മത്സരാർത്ഥിയുടെ പ്രതിഭ തിരിച്ചറിഞ്ഞ കമ്പനി 33 ലക്ഷം വാർഷിക ശമ്പളമുള്ള ജോലിയും അവന് വാഗ്ദാനം ചെയ്തു. എന്നാൽ, പിന്നീടാണ് വിജയിയുടെ പ്രായം കമ്പനി അറിയുന്നതും ഓഫർ പിൻവലിക്കുന്നതും.
മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശികളായ രാജേഷിന്റെയും അശ്വിനിയുടെയും മകനാണ് വേദാന്ത്. പത്താം ക്ലാസിൽ പഠിക്കുന്ന വേദാന്തിന് അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള പ്രമുഖ പരസ്യ കമ്പനിയിൽ ജോലി ലഭിച്ച വിവരം സ്‌കൂളിൽനിന്നുള്ള ഒരു കോളിലൂടെയാണ് മാതാപിതാക്കൾ അറിയുന്നത്. തുടർന്ന് സ്‌കൂൾ വഴി തന്നെ വേദാന്ത് പ്രായം അടക്കമുള്ള വിവരം അറിയിച്ച് കമ്പനിക്ക് ഇ-മെയിൽ ചെയ്യുകയായിരുന്നു. തുടർന്നാണ് ജോലി വാഗ്ദാനം കമ്പനി തൽക്കാലം പിൻവലിച്ചത്.
എന്നാൽ, നിരാശപ്പെടേണ്ടതില്ലെന്നും കമ്പനി വേദാന്തിനെ അറിയിച്ചിട്ടുണ്ട്. പഠനമൊക്കെ പൂർത്തിയാക്കിയ ശേഷം കമ്പനിയെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കുട്ടിയുടെ സമീപനവും കഴിവും പ്രൊഫഷനൽ രീതിയുമെല്ലാം തങ്ങളെ ഏറെ ആകര്‍ഷിച്ചെന്ന് കമ്പനി മറുപടിയില്‍ ചൂണ്ടിക്കാട്ടി.
അമ്മയുടെ ലാപ്‌ടോപിൽനിന്ന് വേദാന്ത് സ്വയം പഠിച്ചെടുത്തതാണ് കോഡിങ് അടക്കമുള്ള സാങ്കേതിക പരിജ്ഞാനം. ഓൺലൈനിൽ ലഭ്യമായ നിരവധി ട്യൂട്ടോറിയലുകൾ കണ്ടായിരുന്നു ഇക്കാര്യങ്ങൾ പഠിച്ചെടുത്തത്. മകന്റെ കോഡിങ്ങിലുള്ള താൽപര്യമറിഞ്ഞ് പുതിയ ലാപ്‌ടോപ് വാങ്ങിക്കൊടുക്കാൻ ആലോചിക്കുകയാണ് നാഗ്പൂരിൽ എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർമാരായ രാജേഷും അശ്വിനിയും.