കൊച്ചി: വിവാഹിതയല്ലാത്ത അമ്മയുടെ മകനും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാനാകില്ലെന്നും കേരള ഹൈക്കോടതി. അച്ഛനാരെന്നറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരൊഴിവാക്കി അമ്മയുടെ മാത്രം ചേര്‍ത്ത് പുതിയത് നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേരൊഴിവാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എല്ലാ സര്‍ട്ടിഫിക്കറ്റിലും ഈ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് അജ്ഞാതനില്‍നിന്ന് ഗര്‍ഭിണിയായി പ്രസവിച്ച അമ്മയും മകനുമായിരുന്നു ഹര്‍ജിക്കാര്‍. അവര്‍ അവിവാഹിതയായ അമ്മയുടെ മാത്രം മക്കളല്ല ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെകൂടി സന്തതികളാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ജനനസർട്ടിഫിക്കറ്റിൽനിന്ന് അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്തി നൽകണമെന്നായിരുന്നു ആവശ്യം. ജനനസർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി. ബുക്ക്, പാസ്‌പോർട്ട് എന്നിവയിൽ പിതാവിന്റെ പേര് മൂന്നുതരത്തിലായിരുന്നു. സർട്ടിഫിക്കറ്റുകളിൽനിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷനൽകിയെങ്കിലും അധികൃതർ നിരസിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹിതരല്ലാത്ത അമ്മമാരുടെയും ബലാത്സംഗത്തിനിരയായ അമ്മമാരുടെയും മക്കൾക്കും അഭിമാനത്തോടെ ജീവിക്കാൻ കഴിയണം -കോടതി പറഞ്ഞു.
അമ്മയുടെ പേരുമാത്രം രേഖപ്പെടുത്തി ജനനസർട്ടിഫിക്കറ്റ് നൽകണമെന്ന അപേക്ഷ ലഭിച്ചാൽ ഇക്കാര്യത്തിൽ അമ്മ നൽകുന്ന സത്യാവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. 2015 ജൂലായ് ആറിനായിരുന്നു ഈ വിധി. ഇതേത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തതവരുത്തി മറ്റൊരു ഉത്തരവിറക്കിയിരുന്നു.