ലഖ്‌നൗ:യു.പിയില്‍ പുതുതായി ആരംഭിച്ച ലുലു മാളില്‍ നമസ്‌കരിച്ചവര്‍ക്കെതിരെ കേസ്. മാള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മാളിലേത് എന്ന പേരില്‍ മുസ്‌ലിം വിശ്വാസികള്‍ നമസ്‌കരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഹിന്ദുത്വ വാദികളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
മാളിന്റെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ സിബ്‌തൈന്‍ ഹുസൈന്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. അനുവാദമില്ലാതെ ചിലര്‍ മാളിലെത്തി പ്രര്‍ത്ഥന നടത്തിയെന്നാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.
നമസ്‌കാരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഹിന്ദുത്വ വാദികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ബഹിഷ്‌കരിക്കണമെന്നുമായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം.ലഖ്നൗവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ച ലുലു മാളില്‍ മുസ്ലിങ്ങള്‍ പരസ്യമായി നമസ്‌കരിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍’ എന്ന തലക്കെട്ടോടെയാണ് പ്രചാരണം നടക്കുന്നത്. ആര്‍എസ്എസ് മാധ്യമസ്ഥാപനമായ ഓര്‍ഗനൈസര്‍ വീക്ക്ലിയും സമാന തലക്കെട്ടോടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തില്‍ ലുലു ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. ഓര്‍ഗനൈസറിന്റെ പോസ്റ്റിനടിയില്‍ നിരവധി വിദ്വേഷ കമന്റുകളും പ്രത്യക്ഷ്യപ്പെടുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് നിരോധിക്കുന്ന നിയമം കൊണ്ടുവരണമെന്ന് ചില കമന്റില്‍ പറയുന്നു.
വിവിധ മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന 220 കടകള്‍ മാളില്‍ ഉണ്ട്. വിവിധങ്ങളായ ബ്രാന്‍ഡുകളുടെ 25 ഔട്ട്‌ലെറ്റുകള്‍ അടങ്ങുന്ന മെഗാ ഫുഡ് കോര്‍ട്ടില്‍ 1600 പേര്‍ക്ക് ഇരിക്കാനാവും. ഏഴു ലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന 11 നിലകളുള്ള പാര്‍ക്കിംഗ് മാളില്‍ ഉണ്ടെന്നും മാളിന്റെ 11 സ്‌ക്രീനുകളുള്ള പിവിആര്‍ സൂപ്പര്‍പ്ലെക്സ് ഈ വര്‍ഷം അവസാനം ആരംഭിക്കും.