2,500 കോടിയുടെ മൂന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു
ദേശീയ അന്തർദേശീയ നിക്ഷേപകർക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന് യുപി സർക്കാർ മൂന്നാമത് നിക്ഷേപ സമ്മിറ്റിനും തറക്കലിടൽ ചടങ്ങിനും തുടക്കം കുറിച്ചു. ലഖ്‌നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
600-ലധികം നിക്ഷേപകർ വിവിധ സംരംഭങ്ങൾ, മെഗാ പ്രോജക്ടുകൾ, നിരവധി സ്റ്റാർട്ടപ്പുകൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. കോവിഡ് വെല്ലുവിളികൾക്ക് ശേഷം ഈ രീതിയിൽ ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഉത്തർപ്രദേശിൽ ഇതുവരെ 80,000 കോടി രൂപയുടെ പുതിയ പദ്ധതികൾ നടപ്പാക്കാൻ ധാരണയായിട്ടുണ്ട്.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ലക്‌നൗവിൽ ഇതിനകം 2,000 കോടി രൂപയുടെ ലുലു മാൾ പണികഴിപ്പിച്ചിട്ടുണ്ട്. പുതുതായി മൂന്ന് പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വാരണാസിയിലും പ്രയഹാരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡയിൽ ലുലു ഫുഡ് പ്രോസസിങ് ഹബ്ബും നിർമ്മിക്കാനാണ് പദ്ധതി. യു പി യിലെ പുതിയ പദ്ധതികളെപ്പറ്റി സമ്മേളന നഗരിയിലെ ലുലു പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രിക്ക് യൂസഫലി വിശദീകരിച്ചു കൊടുത്തു.
ലഖ്‌നൗവിലെ ലുലു മാൾ അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും. മറ്റ് മൂന്ന് പുതിയ പ്രോജക്ടുകൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഉത്തർപ്രദേശ് സംസ്ഥാനത്ത് നടപ്പാക്കുന്ന മികച്ച വികസന സംരംഭങ്ങളെ യൂസഫലി പ്രശംസിക്കുകയും ചെയ്തു.