കൊച്ചി: പരിസ്ഥിതി രംഗത്തെ പ്രശ്‌നങ്ങളും സാദ്ധ്യതകളും യുവാക്കളുടെ പ്രാതിനിധ്യത്തോടെ ചർച്ച ചെയ്യുന്ന പാർലമെന്റ് ഡൽഹിയിൽ നടക്കുന്നു. ഈ മാസം 16-ാം തിയതിയാണ് പാർലമെന്റ് മന്ദിരത്തിനകത്തു തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തുട നീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവാക്കൾ ദേശീയ പരിസ്ഥിതി യൂത്ത് പാർലമെന്റിൽ (എൻഇവൈപി) അവരവരുടേതായ ആശയങ്ങൾ അവതരിപ്പിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവർ യുവാക്കളുമായി സംവദിക്കും.
രാജ്യത്തെ 12 സർവ്വകലാശാലകളിൽ നിന്നുള്ള 140 വിദ്യാർത്ഥി പ്രതിനിധികളാണ് പാർലമെന്റിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ എംപിയുടെയും സ്പീക്കറുടെയും റോളിൽ യുവ വിദ്യാർത്ഥികളാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികൾക്കു പുറമേ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള പരിസ്ഥിതി വിഭാഗം തലവന്മാരും പര്യാവരൺ സംരക്ഷൺ വിഭാഗിന്റെ സംയോജകന്മാരും പങ്കെടുക്കും.
ആഗോള പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന മേൽകൈയ്യും എല്ലാ മേഖലകളിലും യുവാക്കളുടേയും വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തോടെ പരിസ്ഥിതി ബോധവൽക്കരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും സെമിനാറിൽ വിശദമാക്കും. പരിസ്ഥിതി സംരക്ഷണം ജീവൽ പ്രശ്‌നമാണ്, അതിനെക്കുറിച്ചുള്ള ചർച്ചകളും ഭാവി രൂപരേഖകളും ജനാധിപത്യത്തിന്റെ പരമോന്നത സ്തംഭമായ പാർലമെന്റിനെക്കാളും ഫലപ്രദമായ വിലയിരുത്തൽ ഉറപ്പാക്കാനും ഈ സന്ദർഭത്തിൽ സമൂഹത്തിന് വിപുലമായ സന്ദേശം നൽകാനും ഇതിലും നല്ല സ്ഥലം വേറെയില്ല.
രാജ്യത്തെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ പൊതുജനങ്ങളിൽ, പ്രത്യേകിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിനുമുള്ള സമഗ്രമായ സംരംഭത്തിന്റെ ഭാഗമാണിത്. നാല് മണിക്കൂര് ദൈർഘ്യമുള്ള ദേശീയ പരിസ്ഥിതി യൂത്ത് പാര്‌ലമെന്റ് രണ്ട് സെഷനുകളിലായാണ് നടക്കുക. പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ വശങ്ങളും ചർച്ച ചെയ്യാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും. പരിസ്ഥിതിയെ കേന്ദ്രത്തിൽ നിലനിർത്തിക്കൊണ്ട്, പുതിയ തലമുറയ്ക്ക് അത്തരമൊരു പ്ലാറ്റ്‌ഫോം നൽകുക എന്നതാണ് സംഘടനയുടെ ഉദ്ദേശ്യം, അതുവഴി ഭാവിയിൽ പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള ശക്തമായ മനോഭാവവും നേതൃത്വപരമായ കഴിവും വികസിപ്പിക്കാൻ അവർക്ക് കഴിയും. ഈ ഉദ്യമത്തിൽ, വിദ്യാർത്ഥികൾക്കിടയിൽ പഞ്ചമഹാഭൂതങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ആശയം, അതിലൂടെ അവർക്ക് അവരുടെ സർഗ്ഗാത്മക ആശയങ്ങൾ ഉപയോഗിച്ച് പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും സംഘാടകർ അറിയിച്ചു.