ദില്ലി: കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്ന് കോടതി ഉത്തരവിട്ടു. മാർഗരേഖ തയ്യാറാക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി.
കൊവിഡ് മരണം കൃത്യമായി രേഖപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകൾ കാലതാമസമില്ലാതെ നൽകണം, തിരുത്തലുകൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവുവരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങൾ ജൂണ്‍ 30ന് കേന്ദ്രത്തിന് സുപ്രീംകോടതി നൽകിയിരുന്നു. ഇതിനായി മാര്‍ഗ്ഗരേഖ ഇറക്കാനും കോടതി ഉത്തരവിട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും അത് നടപ്പാക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. സെപ്റ്റംബര്‍ 11നകം മാര്‍ഗരേഖ ഇറക്കണമെന്ന് ആവശ്യപ്പെട്ട കോടതി 16 ന് ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച സത്യവാംങ്മൂലം നൽകാനും കേന്ദ്രത്തിന് നിര്‍ദ്ദേശം നൽകി.