ചണ്ഡിഖഡ്: പഞ്ചാബിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. ചതുഷ്കോണ മത്സരത്തില്‍ പ്രവചനാതീതമാകും ഈക്കുറി ജനവിധി. ഹരിയാനയിലെ സോനിപ്പത്തിൽ നിന്ന് മൂന്ന് ഖലിസ്ഥാനി ഭീകരർ പിടിയിലായ സാഹചര്യത്തിൽ പഞ്ചാബിൽ തെരഞ്ഞെടുപ്പിന് സുരക്ഷാ കർശനമാക്കി. പഞ്ചാബിൽ കൊലപാതകങ്ങൾ ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്ന് ഹരിയാന പൊലീസ് പറയുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടികൂടിയിരുന്നു. ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. അതിനിടെ, ഗുരുദാസ്പൂരില്‍ കോണ്‍ഗ്രസ്– അകാലിദള്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അകാലിദള്‍ പ്രവര്‍ത്തകന്‍ മരിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുദ്വാരയിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ചന്നി പ്രാർത്ഥന നടത്തി. എല്ലാ പരിശ്രമങ്ങളും നടത്തിയെന്നും ഇനി ജനങ്ങളുടെ കൈയിലാണെന്നുമായിരുന്ന ചന്നിയുടെ പ്രതികരണം. മുഖ്യമന്ത്രി ചരൺജിത്ത് ചന്നി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ ബദൗറിൽ വോട്ടിനായി ഗ്രാമീണർക്ക് കോൺഗ്രസ് പണം വിതരണം ചെയ്തതായി എഎപി യുടെ ആരോപണം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എ എ പി പരാതി നൽകി.