കുനൂർ: ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ചു കൂനൂർ നിവാസികൾ . ബിപിൻ റാവത്തും പത്നിയുമടക്കം 13 പേരുടെ മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രത്യേക സൈനിക വ്യൂഹത്തിനെ കാത്ത് വഴി നീളെ നൂറുകണക്കിനാളുകളാണ് ഇന്ന് കാത്തിരുന്നത്. വാഹനവ്യൂഹം കടന്നു പോകുന്ന പാതകളിൽ പുഷ്പവൃഷ്ടി നടത്തിയ നാട്ടുകാർ വാഹനവ്യൂഹത്തിന് സല്യൂട്ട് നൽകുകയും ഒരേ സ്വരത്തിൽ വന്ദേഭാരതം മുഴക്കുകയും ചെയ്തു. തങ്ങളുടെ നാട്ടിൽ വച്ചു നടന്ന ഇത്ര വലിയൊരു ദുരന്തത്തിൻ്റെ ആഘാതത്തിലായിരുന്ന നാട്ടുകാരിൽ നിറക്കണ്ണുകളോടെയാണ് ജനറൽ ബിപിൻ റാവത്തിനും സംഘത്തിനും വിട ചൊല്ലിയത്.
സുലൂരുവിലെ വ്യോമസേനാ താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു. നൂറുകണക്കിനാളുകളാണ് സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശത്തും ഒത്തുകൂടിയത്. പൂക്കൾ വിതറിയും വന്ദേമാതരം വിളിച്ചും സൈനികർക്ക് സല്യൂട്ട് നൽകിയും ജനം അവരെ യാത്രയാക്കി. വ്യോമസേനാ താവളത്തിലെ ഔദ്യോഗിക വിടവാങ്ങൽ ചടങ്ങിന് നാലരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ദില്ലിക്ക് കൊണ്ടു പോകും.
ദില്ലിയിലെ പാലം വ്യോമസേന വിമാനത്താവളത്തിൽ രാത്രി എട്ട് മണിയോടെ എത്തിക്കുന്ന മൃതദേഹങ്ങൾ ടെക്നിക്കൽ ഏരിയയിലേക്ക് മാറ്റും ഇവിടെ വച്ച് പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 ഉദ്യോഗസ്ഥരുടെയും ഭൗതികാവശിഷ്ടങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കും.