ദുബൈ: ഈ വര്‍ഷത്തെ ഹജ്ജ് സീസൺ കണക്കിലെടുത്ത് ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. 33 പ്രത്യേക വിമാനങ്ങളാണ് മെയ് 31 വരെയും ജൂൺ 10-16നും ഇടയിലും സര്‍വീസ് നടത്തുക. മക്കയിലേക്ക് പുറപ്പെടുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമാണ് ഈ സര്‍വീസുകള്‍.
ഇത് കൂടാതെ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് അമ്മാന്‍, ദമ്മാം, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയും അവിടെ നിന്ന് തിരികെയുമുള്ള 13 വിമാന സര്‍വീസുകള്‍ കൂടി എമിറേറ്റ്സ് പ്രഖ്യാപിച്ചു. പെരുന്നാള്‍ ആഘോഷത്തിലും അവധി ചെലവഴിക്കാനുമായി ഇവിടങ്ങളിലേക്ക് പോകുന്ന ആളുകള്‍ക്ക് ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്താം.
യുഎസ്എ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, തായ്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നായി അടുത്ത മൂന്ന് ആഴ്ചക്കുള്ളില്‍ 32,000 ഹജ്ജ് തീര്‍ത്ഥാടകർ എമിറേറ്റ്സ് എയര്‍ലൈനില്‍ യാത്ര ചെയ്യും. എല്ലാ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും എമിറേറ്റ്സിന്‍റെ ഹജ്ജ് ലഗേജ് ടാഗുകള്‍ നല്‍കും. ഇതിന് പുറമെ പുതിയതായി അവതരിപ്പിച്ച ഹജ്ജ് കിറ്റും ഇവര്‍ക്കായി നല്‍കും. ബലിപെരുന്നാള്‍ പ്രമാണിച്ച് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലുടനീളമുള്ള പ്രത്യേക സര്‍വീസുകളില്‍ ഈദ് സ്പെഷ്യൽ ഭക്ഷണവും ഉണ്ടാകും.