ദുബൈ: അത്യാധുനിക സംവിധാനങ്ങളോടെ ദുബൈയുടെ വികസന ചരിത്രത്തിലെ സുപ്രധാന നേട്ടമായി മാറാന്‍ പോകുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ ഭൂഗര്‍ഭ ട്രെയിന്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങളും നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. ഭൂഗര്‍ഭ ട്രെയിന്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ആഭ്യന്തര ട്രാന്‍സ്പോര്‍ട്ടേഷന്‍ സംവിധാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പരിഗണനയിലാണെന്നാണ് വിവരം. 35 ബില്യൺ ഡോളര്‍ ചെലവാണ് പാസഞ്ചര്‍ ടെര്‍മിനലിന് പ്രതീക്ഷിക്കുന്നത്. ഇത് 2033ഓടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.
യാത്രാ ദൂരവും വിമാനങ്ങള്‍ക്കിടെ യാത്രക്കാരെ ബന്ധിപ്പിക്കുന്ന സമയവും കുറയ്ക്കുന്നതിനായി ഭൂഗര്‍ഭ ട്രെയിന്‍ സംവിധാനം പരിഗണനയിലാണ് എന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) വെളിപ്പെടുത്തി. ഭൂഗര്‍ഭ ട്രെയിന്‍ വരുന്നതോടെ പുതിയ ടെർമിനൽ സമുച്ചയത്തിനുള്ളിലെ യാത്രാ സമയം 15-20 മിനിറ്റായി കുറയും. ലണ്ടനിലെ കിങ്സ് ക്രോസിൽ നിന്ന് പാഡിംഗ്ടണിലേക്കുള്ള യാത്ര പോലെ വലിയ നഗരങ്ങളിലെ പ്രധാന ട്രെയിൻ സ്റ്റേഷനുകൾക്കിടയിലുള്ള യാത്രയ്ക്ക് സമാനമാണിത്.
ഈ ദൂരത്തില്‍ യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനായി ഇന്‍റേണല്‍ ട്രെയിനുകളില്‍ ഇരിപ്പിടങ്ങളും ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രിഫിത്ത് പറഞ്ഞു. നിലവിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (എപിഎം) ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിൽ യാത്രക്കാരെ എത്തിക്കുന്നത് ഒരു ചെറിയ യാത്രയാണ്. കൂടാതെ എപിഎമ്മുകളിൽ പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പരിമിതമായ ഇരിപ്പിട സൗകര്യങ്ങളേയുള്ളൂ.