ഭക്ഷ്യക്ഷാമത്തിലേക്കും ദാരിദ്രത്തിലേക്കും നീങ്ങുന്ന അഫ്ഗാന് ഒരു ബില്യൺ ഡോളറിലധികം അടിയന്തര സഹായം വാഗ്ദാനം ചെയ്തതിന് താലിബാൻ ലോകത്തിന് നന്ദി രേഖപ്പെടുത്തി. താലിബാന്‍ ഭരണകൂടത്തിന്‍റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി പത്രസമ്മേളനത്തിലാണ് ലോകത്തിന് നന്ദി പറഞ്ഞത്. ലഭിച്ച പണം വിവേകപൂർവ്വം ചെലവഴിക്കുമെന്നും ദാരിദ്ര്യം ലഘൂകരിക്കാൻ ഉപയോഗിക്കുമെന്നും അമീർ ഖാൻ മുത്തഖി പറഞ്ഞു. അഫ്ഗാനിസ്ഥാന് മൊത്തം 1.2 ബില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മുത്തഖിയുടെ വാര്‍ത്താസമ്മേളനം നടന്നത്. ലഭിച്ച പണത്തില്‍ 64 മില്യൺ ഡോളർ യുഎസിൽ നിന്നാണ്. 'ഈ സഹായം ആവശ്യക്കാർക്ക് തികച്ചും സുതാര്യമായി എത്തിക്കാൻ ഇസ്ലാമിക് എമിറേറ്റ് പരമാവധി ശ്രമിക്കും,' മുത്തഖി പറഞ്ഞു. കഴിഞ്ഞ മാസം 1,20,000 ത്തിലധികം ആളുകളെയും സൈന്യത്തെയും ഒഴിപ്പിക്കാന്‍ അമേരിക്കയെ അനുവദിച്ചതിന് താലിബാനെ അഭിനന്ദിക്കാൻ അമീർ ഖാൻ മുത്തഖി അമേരിക്കയോട് ആവശ്യപ്പെട്ടു. 'അമേരിക്ക ഒരു വലിയ രാജ്യമാണ്, അവർക്ക് വലിയ ഹൃദയമുണ്ടായിരിക്കണം,' അയാള്‍ പറഞ്ഞത്.