കൊച്ചി: അബുദബി ആസ്‌ഥാനമായ ട്വന്റി 14 ഹോൾഡിങ്‌സ് മാനേജിംഗ് ഡയറക്ടറും മലയാളി വ്യവസായിയുമായ അദീബ് അഹമ്മദിനെ വേൾഡ് ടൂറിസം ഫോറം ഗ്ലോബൽ അഡ്വൈസറി ബോർഡംഗമായി നിയമിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന രാജ്യാന്തര സമിതിയാണിത്.
ലൂസേൺ നഗരത്തിന്റെ ധനകാര്യ വകുപ്പ് മേധാവി ഫ്രാൻസിസ്‌ക ബിടിസി സ്തോബ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പുനീത് ച്ഛത്വാൾ, ഇന്റർനാഷണൽ കൗൺസിൽ ഓഫ് ടൂറിസം പാർട്നെർസ് പ്രസിഡന്റ് ജെഫ്രി ലിപ്‌മാൻ, സൺ ആൻഡ് ഇസബെൽ ഹിൽ സഹ സ്‌ഥാപകൻ, നാഷണൽ ട്രാവൽ ആൻഡ് ടൂറിസം ഓഫീസ് ഡയറക്ടർ, യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്‌സ് ഓഫീസ് എന്നിവരാണ് ഉപദേശക സമിതിയിലെ മറ്റംഗങ്ങൾ.
ഒരു പതിറ്റാണ്ടിലേറെയായി, വേൾഡ് ടൂറിസം ഫോറം ലൂസേൺ (ഡബ്ല്യു ടി എഫ് എൽ) വ്യവസായ വിദഗ്ധർ, സി ഇ ഒ മാർ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ ഒന്നിച്ചണിനിരത്തി ടൂറിസം വ്യവസായ രംഗത്ത് ആഗോള പ്ലാറ്റ്‌ഫോം സ്‌ഥാപിച്ച് ടൂറിസം മേഖലയ്ക്ക് പുതിയ ആശയങ്ങളും പരിഹാരങ്ങളും നിർദേശിച്ചു വരുന്നു.
ലണ്ടനിലെ ഗ്രേറ്റ് സ്കോട്ട്ലാൻഡ് യാർഡ്, വാൾഡോർഫ് അസ്റ്റോറിയ- എഡിൻബർഗിലെ കാലിഡോണിയൻ, പുൾമാൻ ഡൗൺടൗൺ ദുബായ്, കൊച്ചിയിലെ പോർട്ട് മുസിരിസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ചരിത്രപ്രസിദ്ധമായ പ്രോപ്പർട്ടികൾ സ്വന്തമാക്കിയിട്ടുള്ള വ്യവസായിയാണ് അദീബ് അഹമ്മദ്.
നവംബർ 15,16 തീയതികളിൽ വേൾഡ് ടൂറിസം ഫോറം ലൂസേൺ സംഘടിപ്പിക്കുന്ന ഇന്നവേഷൻ ഫെസ്റ്റിവലിൽ അദീബ് അഹമ്മദ് പങ്കെടുക്കും. വേൾഡ് ഇക്കണോമിക് ഫോറം സ്‌ഥാപകൻ ക്ളോസ് ഷ്വാബ്, ഹോട്ടൽ പ്ലാൻ സി ഇ ഒ ലോറ മെയെർ, പെട്രാഫ് ലിമിറ്റഡ് സി.ഇ.ഒ പീറ്റർ ഫാൻഹോസർ, ടി ടി സി ചീഫ് സസ്‌റ്റൈനബിലിറ്റി ഓഫീസർ ഷാനൻ, ചരിത്രകാരനും എഴുത്തുകാരനുമായ നിയൽ ഫേഴ്സൺ, ഗസ്റ്റ് റെഡി സി.ഇ.ഒ അലക്സ് ലംപേർട് തുടങ്ങിയ പ്രമുഖർ ഇന്നവേഷൻ ഫെസ്റ്റിവലിൽ പങ്കെടുക്കും.