മക്കൾ ഹോളിവുഡ് പടം കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്ന നിയമവുമായി ഉത്തര കൊറിയ, റിപ്പോര്‍ട്ട് ചെയ്ത് റേഡിയോ ഫ്രീ ഏഷ്യ. പുതിയ നിയമം പ്രകാരം വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണുമ്പോൾ പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആറ് മാസത്തേക്ക് ലേബർ ക്യാമ്പുകളിലേക്കും കുട്ടികൾക്ക് അഞ്ച് വർഷം തടവും ലഭിക്കും. കുട്ടികൾ വിദേശത്തുനിന്നുള്ള സിനിമകളോ മറ്റോ കണ്ടാല്‍ രക്ഷിതാക്കൾക്ക് ഗുരുതരമായ മുന്നറിയിപ്പ് നൽകുക എന്ന പഴയ നിയമാണ് ഇപ്പോള്‍ മാറുന്നത്.
ഹോളിവുഡ് സിനിമകളും മറ്റും കാണുന്നത് പാശ്ചാത്യ സംസ്‌കാരത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്നും അതിനാല്‍ അത് ചെയ്യുന്ന കുട്ടികളുള്ള മാതാപിതാക്കളോട് ഒരു ദയയും കാണിക്കേണ്ടതില്ലെന്നാണ് കിം ജോങ് ഉന്‍ നേതൃത്വം നല്‍കുന്ന ഉത്തര കൊറിയന്‍ ഭരണകൂടത്തിന്‍റെ തീരുമാനം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ കുട്ടികളെ "ശരിയായി" പഠിപ്പിക്കാനാണ് മാതാപിതാക്കള്‍ തയ്യാറാകേണ്ടത് എന്നാണ് കിം ഭരണകൂടം പറയുന്നത്.