ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് അർഹതയുണ്ടെന്ന് റഷ്യ. ഇന്ത്യയും ബ്രസീലും സ്ഥിരാംഗത്വത്തിന് യോഗ്യരാണെന്ന് റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ് യുഎൻ പൊതുസഭ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്‌ശങ്കറിന്റെ പ്രസംഗത്തിന് തൊട്ടുമുമ്പാണ് റഷ്യൻ വിദേശമന്ത്രി ഇന്ത്യയെ പിന്തുണച്ച് സംസാരിച്ചത്.
യുഎന്നും രക്ഷാസമിതിയും സമകാലിക യാഥാർഥ്യങ്ങൾ തിരിച്ചറിയണമെന്നും ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക രാജ്യങ്ങളുടെ പ്രാതിനിധ്യം രക്ഷാസമിതിയെ കൂടുതൽ ജനാധിപത്യപരമാക്കാനുള്ള സാധ്യതയാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് രക്ഷാസമിതി സ്ഥിരാംഗത്വം നൽകുന്നതിനെ അനുകൂലിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പൊതുസഭയില്‍ സംസാരിച്ചിരുന്നു.
രക്ഷാസമിതിയിൽ അഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളുമാണുള്ളത്. ഇന്ത്യയ്ക്ക് വീറ്റോ അധികാരത്തോടുകൂടിയ സ്ഥിരാംഗത്വം ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ എസ് ജയ്‌ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.