കൊളംബോ: ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ഏകദേശം 63 ലക്ഷം പേര്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് ഐക്യരാഷ്‌ട്ര സംഘടന. ഭക്ഷ്യസുരക്ഷയും ജീവിതോപായവും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് ഭക്ഷ്യ കാർഷിക സംഘടനയുടെയും ലോക ഭക്ഷ്യ പരിപാടിയുടെയും സംയുക്ത റിപ്പോര്‍ട്ട് വ്യക്തമാക്കി.
തുടര്‍ച്ചയായ രണ്ടു സീസണിലെയും മോശം വിളവെടുപ്പ് ഉൽപ്പാദനത്തില്‍ 50 ശതമാനം ഇടിവാണുണ്ടാക്കിയത്. കാര്‍ഷിക ഉൽപ്പാദന നിലവാരം പഠിക്കാന്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ 25 ജില്ലയില്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തിക പ്രതിസന്ധി കാരണം 60 ശതമാനത്തിലേറെ കുടുംബങ്ങള്‍ ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കുകയും വിലയും പോഷകമൂല്യവും കുറവുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുകയും ചെയ്തു.
സാമ്പത്തിക പരിമിതിമൂലം സ്കൂള്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള പോഷകാഹാര പരിപാടികളില്‍നിന്ന് സര്‍ക്കാരും പിന്‍മാറിയെന്നും പഠനം വിലയിരുത്തി. ഭക്ഷ്യസുരക്ഷ കൂടുതല്‍ തകര്‍ച്ചയിലേക്ക് എത്താതെയിരിക്കാനും കാര്‍ഷിക ഉൽപ്പാദനം പുനഃസ്ഥാപിക്കാനുമായി ചെറുകിട കര്‍ഷകരുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ഭക്ഷ്യ കാർഷിക സംഘടന അറിയിച്ചു.