മോസ്‌കോ: സോവിയറ്റ് യൂണിയൻ മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 1999 - ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയില്‍ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ചു. 1990-91 കാലയളവിൽ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്നു. 1990 ല്‍ സമാധനാത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1952 ല്‍ മോസ്‌കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആരംഭിച്ചപ്പോഴാണ് ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്. 1955 ല്‍ നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. 1970 ല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ റീജ്യണ്‍ സെക്രട്ടറിയായി. 1971 ലാണ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമാവുന്നത്. 1978 ല്‍ പാര്‍ട്ടിയുടെ അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായി. 1979 പോളിറ്റ്ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായി. 1980 ലാണ് ഫുള്‍ മെമ്പറാകുന്നത്