പ്രതിരോധ സേനയ്ക്കായി ആളില്ല വിമാനങ്ങള്‍ വികസിപ്പിക്കുവാന്‍ ഇന്ത്യയും അമേരിക്കയും കരാറില്‍ ഒപ്പിട്ടു
ദില്ലി: അമേരിക്കയുമായി ആളില്ല വിമാനങ്ങള്‍ വികസിപ്പിക്കുവാന്‍ കരാര്‍ ഏര്‍പ്പെട്ട് ഇന്ത്യ. ഇന്ത്യന്‍ പ്രതിരോധ വകുപ്പിനും, അമേരിക്കന്‍ പ്രതിരോധ വകുപ്പിന്‍റെയും മേല്‍നോട്ടത്തിലുള്ള ഡിഫന്‍സ് ടെക്നോളജി ആന്‍റ് ട്രെഡ് ഇനിഷേറ്റീവിലെ എയര്‍ സിസ്റ്റം വര്‍ക്കിംഗ് ഗ്രൂപ്പിലാണ് ഇരു രാജ്യങ്ങളും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. പുതിയ കാരാര്‍ പ്രകാരം എയര്‍ ലോഞ്ച്ഡ് അണ്‍മാന്ഡ് എരിയല്‍ വെഹിക്കില്‍ (ALUAV) അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ വികസിപ്പിക്കാനും പരീക്ഷിക്കാനും സാധിക്കും.
മുന്‍പ് 2006ലാണ് ഈ കരാറിന്‍റെ പ്രഥമിക ധാരണയുണ്ടാക്കിയത്. ഇത് പിന്നീട് 2015 ല്‍ പുതുക്കി. ഇപ്പോള്‍ ഇന്ത്യ അമേരിക്ക സഹകരണത്തില്‍ ആളില്ല വിമാനങ്ങള്‍ വികസിപ്പിക്കുവാന്‍ പദ്ധതിയുടെ പ്രവര്‍ത്തന ധാരണയിലേക്കാണ് ഇരു രാജ്യങ്ങളും എത്തിച്ചേര്‍ന്നിരിക്കുന്നത്. ജൂലൈ 30നാണ് കരാര്‍ ഒപ്പിട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പ് പറയുന്നു.
ഇരു രാജ്യങ്ങളുടെ പരസ്പര ധാരണയോടെയുള്ള പ്രതിരോധ ഗവേഷണ രംഗത്തെ സഹകരണവും, പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണവും വികസനവും ലക്ഷ്യം വയ്ക്കുന്നതാണ് ഈ കരാര്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പ്രതിരോധ ഗവേഷണ വികസന രംഗത്ത് സഹകരിച്ചുള്ള ഉത്പാദനവും, ഗവേഷണവും, വികസനവുമാണ് ഇന്ത്യ അമേരിക്ക ഡിഫന്‍സ് ടെക്നോളജി ആന്‍റ് ട്രെഡിംഗ് ഇനീഷ്യേറ്റീവിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത് എന്നാണ് വാര്‍ത്ത കുറിപ്പില്‍ അറിയിക്കുന്നത്.
ഡിടിടിഐയിലൂടെ ഇരുരാജ്യങ്ങളും തങ്ങളുടെ ഭാഗത്ത് കര, നാവിക, വ്യോമ സേനയ്ക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ സാങ്കേതിക കൈമാറ്റത്തിലൂടെയും സംയുക്ത ഗവേഷണത്തിലൂടെയും വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കരാറാണ് ഇപ്പോള്‍ എയര്‍ സിസ്റ്റം സംയുക്ത സമിതിയില്‍ ഇരു രാജ്യത്തിന്‍റെയും പ്രതിരോധ വകുപ്പുകള്‍ തമ്മില്‍ എടുത്തിരിക്കുന്നത്.