തിരുവനന്തപുരം: പക്ഷാഘാത ചികിത്സയ്ക്ക് പുത്തൻ ഉണർവുമായി മുന്നേറുന്ന മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ആവേശം പകർന്ന് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ ഡയമണ്ട് അവാർഡ്. സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തി പ്രകടമാക്കുന്ന ഈ അവാർഡ്, ആധുനിക ചികിത്സാ സൗകര്യങ്ങളോടെ അതിവേഗ പക്ഷാഘാത ചികിത്സയിലൂടെ രോഗികളെ ജീവിതത്തിലേയ്ക്ക് തിരികെക്കൊണ്ടുവരുന്നതിൻ്റെ അംഗീകാരം കൂടിയാണ്. കേരളത്തിൽ നിന്ന് സർക്കാർ മേഖലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ലോകത്താകെയുള്ള ആശുപത്രികളിൽ പക്ഷാഘാത രോഗികൾക്ക് നൽകി വരുന്ന മികച്ച ചികിത്സയും പരിചരണവും ഉറപ്പുവരുത്തുന്ന സംഘടനയായ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ്റെ ഡയമണ്ട് അവാർഡാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ലഭിച്ചത്. ലോക പക്ഷാഘാത ദിനം (ഒക്ടോബർ 29 ) ആചരിക്കുന്ന വേളയിൽ ഈ അവാർഡ് ലബ്ധിയിലൂടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ യശസ് ഒന്നുകൂടി വർധിച്ചിരിക്കുകയാണ്.
പക്ഷാഘാത രോഗികൾക്ക് സത്വര ചികിത്സ ലഭ്യമാക്കിയാൽ പൂർണമായ രോഗമുക്തി നേടുമെന്നതിനാൽ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ മുൻകൈയെടുത്ത് അഞ്ചുകോടി രൂപ ചെലവഴിച്ച് നിലവിലുള്ള സ്ട്രോക്ക് യൂണിറ്റ് മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചിരുന്നു. നിലവിലെ ആരോഗ്യ മന്ത്രി വീണാ ജോർജ് അതിൻ്റെ തുടർ പ്രവർത്തനങ്ങൾ വിലയിരുത്തുകയും എത്രയും വേഗം യൂണിറ്റ് പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശവും നൽകിക്കഴിഞ്ഞു. അതിൻ്റെ ഭാഗമായി ന്യൂറോളജി വിഭാഗത്തിനു കീഴിൽ കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്റർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ . സ്ട്രോക്ക് ഐ സി യു , സ്ട്രോക്ക് കാത്ത് ലാബ് , 128 സ്‌ലൈസ് സി ടിആൻജിയോഗ്രാം, സ്റ്റെപ് ഡൌൺ മുറികൾ എന്നിവ തയ്യാറായി വരികയാണ്. ഇതിൽ 128 സ്‌ലൈസ് സി ടി ആൻജിയോഗ്രാം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു . മറ്റുള്ളവയുടെ സിവിൽ , ഇലക്ട്രിക് ജോലികൾ അവസാന ഘട്ടത്തിലാണ് . ന്യൂറോളജി വിഭാഗം മേധാവി ഡോ തോമസ് ഐപ്പിൻ്റെ നേതൃത്വത്തിലാണ് സ്ട്രോക്ക് യൂണിറ്റ് പ്രവർത്തിക്കുന്നത്.
സ്ട്രോക്കിന്റെ ചികിത്സ സമയത്തെ ആശ്രയിച്ചുള്ളതാണ്- എത്രയും വേഗം ചികിത്സ ലഭിക്കുന്നുവോ അത്രെയും മെച്ചപ്പെട്ട ഫലം രോഗിക്ക് ലഭിക്കുന്നു . രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന പക്ഷാഘാതങ്ങളിൽ ക്ലോട്ട് അലിയിച്ചു കളയാനുള്ള മരുന്ന് ഇഞ്ചക്ഷനായി നൽകേണ്ടതുണ്ട് . കൂടുതൽ രോഗികൾക്കു ഈ ചികിത്സ ലഭ്യമാകണമെങ്കിൽ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞ് എത്രയും വേഗം രോഗിച്ചെ ആശുപത്രിയിൽ എത്തിച്ചാൽ രക്ഷപ്പെടുത്താനാകും. ഈ വർഷത്തെ ലോക പക്ഷാഘാത ദിനാചാരത്തിന്റെ പ്രധാന സന്ദേശവും ഇതാണ്.
2020 ൽ 146 രോഗികൾക്കും 2021 ൽ സെപ്റ്റംബർ മാസം വരെ 180 രോഗികൾക്കും ത്രോംബോളൈറ്റിക് ചികിത്സ
നൽകാൻ കഴിഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് തിരുവനതപുരം മെഡിക്കൽ കോളേജിന് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ ഡയമണ്ട് അവാർഡ് ലഭിച്ചത്.