തിരുവനന്തപുരം: സംസ്ഥാനത്ത് 74 ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പാണ് നടപടിയെടുത്തത്. ഈ കമ്പനികളുടെ വെളിച്ചെണ്ണ ഇനി സംസ്ഥാനത്ത് വിതരണം ചെയ്യാനാകില്ല.
നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ക്രിസ്തുമസ് നവവത്സര വിപണിയില്‍ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികാരപ്പെടുത്തിയ 38 ഡെസിഗ്‌നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.