കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 36 പ്രൊഫസർ, 29 അസോസിയേറ്റ് പ്രൊഫസർ, 35 അസിസ്റ്റന്റ് പ്രൊഫസർ, 24 ലക്ചറർ എന്നീ തസ്തികകളിലുള്ള ഡോക്ടർമാരുടെ ഇന്റഗ്രേഷനാണ് പൂർത്തിയായത്. 508 നഴ്സുമാരുടെ ഇന്റഗ്രേഷൻ അടുത്തിടെ പൂർത്തിയാക്കിയിരുന്നു.
പരിയാരം മെഡിക്കൽ കോളേജ്, പരിയാരം ദന്തൽ കോളേജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പരിയാരം കോളേജ് ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസസ് എന്നിവ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങൾ നടക്കുന്നതിനായി 1551 തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ തസ്തികകൾ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷൻ നടപടികളാണ് പൂർത്തീകരിച്ചത്.