April 19, 2024

Login to your account

Username *
Password *
Remember Me

അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്

*’വിവ കേരള’ത്തിന് കളക്ടർമാരുടെ ഏകോപനം ഉറപ്പാക്കാൻ യോഗം


അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ പരിശീലനം അന്തിമഘട്ടത്തിലാണ്. മറ്റ് ജില്ലകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലാതലത്തിൽ കളക്ടർമാർ ശക്തമായ നേതൃത്വം ഏറ്റെടുക്കേണ്ടതാണ്. ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം ആസൂത്രണം ചെയ്യേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. വിവ കേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ ചെയർമാൻ. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളാണ്. ജില്ലാതല സമിതിയിൽ ജില്ലാകളക്ടർമാരാണ് ചെയർമാൻ. ജില്ലാതലത്തിൽ അനീമിയ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർമാർ നേതൃത്വം നൽകുന്ന ജില്ലാതല ഇപ്ലിമെന്റേഷൻ കമ്മിറ്റിയുമുണ്ട്. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ നേതൃത്വം നൽകുന്ന സ്റ്റേറ്റ് വർക്കിംഗ് ഗ്രൂപ്പും പ്രവർത്തിക്കും.


മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന ജില്ലകളിലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ ഫീൽഡ് ഹെൽത്ത് വർക്കർമാരുടെ സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം മുഖേന ലിംഗഭേദമില്ലാതെ നടപ്പിലാക്കും. കാമ്പയിനിൽ ആദിവാസി മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. വിവിധ ആദിവാസി കോളനികളിൽ പോയി ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ നടത്താനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.


ജില്ലകളിൽ എൻജിഒകളുടെ സഹകരണം ഉറപ്പാക്കും. തുടർ ചികിത്സയ്ക്കായി ഡേറ്റ കൃത്യമായി ശേഖരിക്കണം. പരിശോധിക്കുമ്പോൾ അപ്പോൾ തന്നെ വിവിരങ്ങൾ അപ് ലോഡ് ചെയ്യാൻ നിർദേശം നൽകി. ജില്ലകൾക്ക് സഹായം ആവശ്യമാണെങ്കിൽ മെഡിക്കൽ കോളേജുകളെ സമീപിക്കാവുന്നതാണ്. ഓരോ വകുപ്പുകളും ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഗൈഡ്‌ലൈൻസ്‌ പുറത്തിറക്കുന്നതാണ്.


ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, ആയുഷ് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.a
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.