രാജ്യത്തെ സംസ്ഥാനങ്ങളിൽ ഭക്ഷ്യസുരക്ഷയിൽ വളരെ മുന്നിലാണു കേരളമെന്നും കുട്ടികളുടെ പോഷകാഹാര ലഭ്യതയിൽ ദേശീയ ശരാശരി 6.4% ആകുമ്പോൾ കേരളത്തിൽ 32.6% ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ 'കുട്ടികളുടെ പോഷകാഹാര സംരക്ഷണം - വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൂചികകളിൽ മുന്നിട്ടുനിൽക്കുമ്പോഴും കുട്ടികളിലെ പോഷകാഹാര ലഭ്യത അടക്കമുള്ള കാര്യങ്ങളിൽ ഇനിയും മുന്നോട്ടുപോകാനുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നന്നായി ഭക്ഷണം കഴിക്കുന്നുവെന്നതുകൊണ്ടു മതിയായ പോഷണം ലഭിക്കണമെന്നില്ല. ഭക്ഷണരീതികൾ മാറിയ സാഹചര്യത്തിൽ കുട്ടികളടക്കമുള്ളവർക്ക് അനുയോജ്യമായ ഭക്ഷണ രീതി പിൻതുടരണം. കുട്ടികൾക്ക് പോഷണം ലഭിക്കുന്ന ആഹാരരീതി ഉറപ്പാക്കണം. അതിന്റെ ഭാഗമായാണു ശിശു സൗഹൃദ കേരളം സൃഷ്ടിക്കുകയെന്ന സുപ്രധാന ലക്ഷ്യത്തോടെ അംഗൻവാടികളിൽ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്താനായി പോഷക ബാല്യം എന്ന പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിലൂടെ അംഗൻവാടികളിൽ മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പാലും രണ്ടു ദിവസം മുട്ടയും നൽകുന്നുണ്ട്. ഇതിന് സംസ്ഥാന ബജറ്റിൽ 61 കോടി രൂപയാണു വകയിരുത്തിയത്.