ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ (എഎംസി) എന്ന ഈ പ്രത്യേക രോഗാവസ്ഥ കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളിൽ ഒന്നാണ്
തിരുവനന്തപുരം: രണ്ടായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ (എഎംസി) ബാധിച്ച 21 മാസം പ്രായമുള്ള ആൺകുട്ടിയിൽ അപൂർവവും സങ്കീർണ്ണവുമായ അനസ്‌തേഷ്യ വിജയകരമാക്കി കിംസ്ഹെൽത്ത്, തിരുവനന്തപുരം. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളിൽ ഒന്നാണ് ഇത്. കിംസ്ഹെൽത്തിലെ സീനിയർ പീഡിയാട്രിക് അനസ്‌തെറ്റിസ്റ്റ്, ഡോ. എം ചാക്കോ രാമച്ചയും, സീനിയർ പീഡിയാട്രിക് സർജൻ, ഡോ. നൂർ സത്താർ എൻ.എസും അടങ്ങുന്ന പ്രഗത്ഭരായ മെഡിക്കൽ ടീമാണ് അനസ്‌തേഷ്യ സുപ്രധാന പങ്കുവഹിക്കുന്ന ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.
ചെറിയ താടിയെല്ല്, വലിയ നാവ്, മുറിയണ്ണാക്ക് തുടങ്ങിയ ഗുരുതര ശാരീരിക അവസ്ഥകളുമായാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, അതിനാൽ ജനറൽ അനസ്തേഷ്യയുടെ സാധ്യത തന്നെ മങ്ങിയിരുന്നു. അപൂർവ മസ്കുലോസ്കലെറ്റൽ ഡിസോർഡറായ ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ പ്രായത്തിനനുസരിച്ച് പുരോഗമിക്കുകയോ കുട്ടിയുടെ ചിന്താശക്തിയെ ബാധിക്കുകയില്ലെങ്കിലും, ഇവിടെ ജനറൽ അനസ്തേഷ്യ രോഗിയുടെ മസ്തിഷ്ക തകരാറുകൾക്കും ശ്വസന പ്രശ്നങ്ങൾക്കും തന്നെ കാരണമായേക്കാം.
കുഞ്ഞിന്റെ ഭാരം വെറും 1.9 കിലോ ആയിരുന്നത് കൊണ്ട് തന്നെ വളരെ മുൻകരുതലുകളോടെയാണ് ശസ്ത്രക്രിയ നടത്തിയത്, കൂടാതെ ഇത്തരമൊരു രോഗാവസ്ഥയിലുള്ള കുട്ടിയിൽ അനസ്തേഷ്യ പ്രയോഗിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു, ശസ്ത്രക്രിയയ്ക്കിടെയുണ്ടാകാവുന്ന ചെറിയ രക്തസ്രാവം പോലും കുട്ടിയുടെ ജീവൻ അപകടത്തിലാക്കും. ഈ ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, അപകടസാധ്യതകൾക്കിടയിലും ശസ്ത്രക്രിയ നടത്തേണ്ടത് അനിവാര്യമായിരുന്നു.
ഈ ചെറുപ്രായത്തിൽ തലയോട്ടി അസാധാരണമാംവിധം മൃദുവായതാണെന്നും ഏതെങ്കിലും തരത്തിലുള്ള അനാവശ്യ സമ്മർദ്ദം പോലും തലച്ചോറിലെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനൊപ്പം കുട്ടിയുടെ കാഴ്ചശക്തി വരെ നഷ്ടപ്പെടുന്നതിലേയ്ക്ക് നയിക്കും. കുഞ്ഞിന്റെ ജോയിന്റുകളിൽ വൈകല്യം ബാധിച്ചതിനാൽ, അപൂർവവും വെല്ലുവിളികളും നിറഞ്ഞതുമായ അവസ്ഥ കണക്കിലെടുത്ത്, നട്ടലിലേയ്ക്ക് മരുന്നുകൾ കുത്തിവയ്ക്കുന്നത് അസാധ്യമായിരുന്നു. അതിനാൽ, ഈ സാഹചര്യത്തിൽ TIVA (ടോട്ടൽ ഇൻട്രാവീസ് അനസ്തേഷ്യ) പ്ലസ് നെർവ് ബ്ലോക്ക് എന്ന പ്രത്യേക രീതിയാണ് ഉപയോഗിച്ചത്. ജനറൽ അനെസ്തേഷ്യയിൽ നിന്ന് വ്യത്യസ്തമായി സിരകളിലേക്ക് നേരിട്ട് മരുന്നുകൾ കുത്തിവെയ്ക്കുകയും, മസ്തിഷ്കത്തിൽ നിന്ന് ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തേക്കുള്ള ഇമ്പൾസുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ശസ്ത്രക്രിയയിലുടനീളം, കുഞ്ഞിന് സ്ഥിരതയുണ്ടെന്ന് അനസ്‌തേഷ്യോളജിസ്റ്റ് ഉറപ്പുവരുത്തി. അനസ്തറ്റിസ്റ്റുകളുടെയും ശസ്ത്രക്രിയാ വിദഗ്ധരുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ നേട്ടം സാധ്യമാക്കിയത്, ഡോ. എം ചാക്കോ രാമച്ച പറഞ്ഞു.
കിംസ്ഹെൽത്തിലെ പീഡിയാട്രിക്സ് വിഭാഗത്തിന്റെ മികവ് അടിവരയിടുകയാണ് ഈ അത്യപൂർവ അനസ്തേഷ്യ . പീഡിയാട്രിക്‌സ് അനസ്തേഷ്യയിൽ മാത്രം 39 വർഷത്തെ പരിചയമുള്ള ഡോ. എം ചാക്കോ രാമച്ചയുടെ അനുഭവസമ്പത്ത്, ഈ സങ്കീർണ പ്രക്രിയ വിജയകരമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
മികച്ച ആരോഗ്യ സംരക്ഷണ വിതരണ സംവിധാനങ്ങൾ, കൃത്യമായ ആരോഗ്യപരിചരണം, ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾ, തുടങ്ങിയവ ഉറപ്പ് തരുന്ന ഇന്ത്യയിലെ മികച്ച 10 ആശുപത്രികളിൽ ഒന്നാണ്, തിരുവനന്തപുരത്തെ കിംസ്ഹെൽത്ത്. ദേശിയ, അന്തർദേശിയ തലങ്ങളിൽ ശ്രദ്ധേയരായ ഡോക്ടർമാരാണ് തിരുവനന്തപുരം കിംസ്ഹെൽത്തിലേത്.