സംസ്ഥാനത്ത് ഡെങ്കി പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഡ്രൈ ഡേ ആചരണത്തില്‍ ശ്രദ്ധ ചെലുത്തണം. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും വെള്ളം കെട്ടി നിൽക്കുന്ന / നിൽക്കാൻ ഇടയുള്ളവ ഒഴിവാക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വെള്ളം കെട്ടി നിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്. ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
ഡ്രൈ ഡേ ആചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഇടങ്ങൾ
വീടിനകത്ത്/ സ്ഥാപനത്തിനകത്ത്
* ചെടിച്ചട്ടികളുടെ അടിയിലെ ട്രേ
*എ സിയിൽ നിന്നും വെള്ളം വീഴുന്ന ട്രേ
* മണി പ്ലാന്റ് വളർത്തുന്ന പാത്രം
* ഫ്രിഡ്ജിന്റെ പുറകിലെ ട്രേ
* ഉപയോഗിക്കാത്ത ക്ലോസെറ്റ്
*വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങൾ.
( വീടിനുള്ളിൽ മുഷിഞ്ഞ തുണികൾ കൂട്ടിയിട്ടാൽ കൊതുക് അതിൽ വിശ്രമിക്കാൻ ഇടയാകും)
വീടിന് വെളിയിൽ/ സ്ഥാപനങ്ങളുടെ വെളിയിൽ
* ഉപയോഗശൂന്യമായ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയർ ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ
* ചെടിച്ചട്ടികൾ, ചെടിച്ചട്ടികളുടെ അടിയിലെ ട്രേ
* കട്ടികൂടിയ ഇലകൾ (തേക്കില, വാഴയില, വാഴപ്പോള)
* വിറകും മറ്റും മൂടി ഇടാറുള്ള ടാർപോളിൻ/ പ്ലാസ്റ്റിക് ഷീറ്റുകൾ
* മുട്ടത്തോട്
* സൺഷൈഡ്
* റൂമിന്റെ പാത്തി
* ടെറസ്
* വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ
*പഴങ്ങളുടെ തോടുകൾ തുടങ്ങിയവ
തോട്ടങ്ങളിൽ
* റബ്ബർ തോട്ടം- ചിരട്ട/ കപ്പ്, റെയിൻ ഗാർഡ്, പാഴ് വസ്തുക്കൾ
* പൈനാപ്പിൾ തോട്ടം- പൈനാപ്പിൾ ചെടിയുടെ ഇലകൾ ചേരുന്ന ഭാഗം, പാഴ് വസ്തുക്കൾ
( ഇലകൾ ചേരുന്ന ഭാഗത്ത് വേപ്പിൻപിണ്ണാക്ക് വിതറാം)
* കമുകിൻ തോട്ടം- പാളകൾ, പാഴ് വസ്തുക്കൾ
* തെങ്ങിൻതോട്ടം- കൊതുമ്പ്,കേടായ തേങ്ങ, പാഴ് വസ്തുക്കൾ
* വാഴത്തോട്ടം - വാഴയില, വാഴപ്പോള
*കൊക്കോ തോട്ടം :കൊക്കോ തോട്
പൊതു ഇടങ്ങളിൽ
* പ്ലാസ്റ്റിക് കവറുകൾ /മറ്റ് വസ്തുക്കൾ
* പാഴ് വസ്തുക്കൾ
ഡെങ്കിപ്പനി ലക്ഷണങ്ങൾ
പനി, തലവേദന,പേശി വേദന,കണ്ണിനു പുറകിൽ വേദന,ശരീരത്തിൽ ചുവന്ന പാടുകൾ. ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ പാടില്ല.
ഈഡിസിൽ നിന്നും സ്വയംരക്ഷക്കായി ചെയ്യേണ്ടത്
* ശരീരമാസകലം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
* കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക.
* പകലുറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക.