കൊച്ചി: കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാനും പ്രായപൂര്‍ത്തിയായവരിലെ കാന്‍സര്‍ അപകട സാധ്യത കുറക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് പള്ളിവാസല്‍ പഞ്ചായത്ത് സാങ്കേതികവിദ്യാ അധിഷ്ഠിതമായി ഓങ്കോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ സേവന സംവിധാനമായ കാര്‍കിനോസ് ഹെല്‍ത്ത്കെയറുമായി സഹകരിച്ചു കൊണ്ട് ഇടുക്കി പള്ളിവാസലില്‍ കാന്‍സര്‍ പരിശോധന പദ്ധതിയായ സമഗ്ര കാന്‍സര്‍ സുരക്ഷ പദ്ധതി സംഘടിപ്പിച്ചു. രണ്ടുമാസം നീണ്ടുനിന്ന ഈ ക്യാമ്പിലൂടെ 4700 വ്യക്തികളില്‍ അപകടസാധ്യതാ വിലയിരുത്തല്‍ സര്‍വ്വേ നടത്തുകയും അവരില്‍നിന്ന് 1068 ഉയര്‍ന്ന അപകട സാധ്യത ഉള്ളവരെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പള്ളിവാസല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായുള്ള എട്ട് കേന്ദ്രങ്ങളില്‍ പഞ്ചായത്ത് തല സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുകയും ഉയര്‍ന്ന അപകടസാധ്യതയുള്ള 824 പേരെ പരിശോധിക്കുകയും ചെയ്തു.
പോസിറ്റീവ് ആയി കണ്ടെത്തിയ എല്ലാവരേയും പരിശോധനകളുടേയും ചികില്‍സയുടേയും അടുത്ത ഘട്ടം നടത്തുന്നതിനു പ്രോല്‍സാഹിപ്പിക്കുന്നതിനായി എച്ച്പിവി പോസിറ്റീവ് ആയവര്‍ക്കും ഉയര്‍ന്ന അപകട സാധ്യതയോടു കൂടിയ മാമോഗ്രാം റിപോര്‍ട്ട് ഉള്ളവര്‍ക്കും വേണ്ടി അഡ്വാന്‍സ്ഡ് പരിശോധനാ ക്യാമ്പു കൂടി സംഘടിപ്പിച്ചിരുന്നു. കാര്‍കിനോസ് ഹെല്‍ത്ത്കെയര്‍, കല്ലാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രം, കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പള്ളിവാസല്‍ ഗ്രാമ പഞ്ചായത്തില്‍ കാന്‍സര്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. നേരത്തെ തന്നെ കണ്ടെത്തിയവരെ കാര്‍സിനോസ് ഹെല്‍ത്ത്കെയറില്‍ ചികില്‍സിക്കുകയും കാന്‍സര്‍ പൂര്‍ണമായി ഭേദമാക്കുകയും ചെയ്തു.
പഞ്ചായത്തില്‍ കാന്‍സര്‍ പരിശോധനാ പദ്ധതി സംഘടിപ്പിക്കുന്നതിനു പിന്തുണ നല്‍കിയ എല്ലാവരോടും, പ്രത്യേകിച്ച് കാര്‍കിനോസ് ഹെല്‍ത്ത്കെയറിനോട് തങ്ങള്‍ക്കു നന്ദിയുണ്ടെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു. കാന്‍സര്‍ ബോധവല്‍ക്കരണം നടത്താന്‍ മാത്രമല്ല, ശ്രദ്ധിക്കപ്പെടാതെ പോകുകയും കൂടുതല്‍ സങ്കീര്‍ണതകളിലേക്കു നീങ്ങുകയും ചെയ്യുമായിരുന്നവ നേരത്തെ കണ്ടെത്താനും ഭേദമാക്കാനും ഇതു സഹായകമായി. ഈ പദ്ധതിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളാനും തങ്ങളുടെ മേഖലകളില്‍ സമാനമായ ക്യാമ്പുകള്‍ നടത്താനും മറ്റു പഞ്ചായത്തുകളോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പരിശോധനാ ക്യാമ്പില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണം അഭിമാനകരമാണെന്ന് കാര്‍കിനോസ് ഹെല്‍ത്ത്കെയര്‍ ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് അലൈഡ് സര്‍വീസസ് ഡയറക്ടര്‍ ഡോ. രാമദാസ് പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ തന്നെ കൃത്യമായ പരിചരണം നല്‍കിയാല്‍ ഭേദമാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറക്കുകയും ചെയ്യാനാകും എന്നതിനാല്‍ കാന്‍സര്‍ നേരത്തെ തന്നെ കണ്ടെത്തുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഇവിടെ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് പങ്കാളികളായ എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃത്യമായ ലക്ഷ്യത്തോടുകൂടിയുള്ള സാങ്കേതികവിദ്യാ അധിഷ്ഠിതമായിട്ടുള്ള ആരോഗ്യ സേവന സംവിധാനമാണ് കാര്‍കിനോസ് ഹെല്‍ത്ത്കെയര്‍ എന്നും കാന്‍സര്‍ സംബന്ധിയായ സേവനങ്ങള്‍ക്കും കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും വേണ്ടിയുള്ള പ്രത്യേകമായ സൗകര്യങ്ങള്‍ തയ്യാറാക്കുന്നതിനും ലഭ്യമാക്കുന്നതിനും തങ്ങള്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും കാര്‍കിനോസ് ഹെല്‍ത്ത്കെയര്‍ സിഇഒയും സ്ഥാപകനുമായ ആര്‍ വെങ്കടരമണന്‍ പറഞ്ഞു. കാന്‍സര്‍ പരിരക്ഷ കൂടുതല്‍ ജനകീയമാക്കുക എന്ന തങ്ങളുടെ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് ഈ നീക്കം എന്നും മറ്റ് മേഖലകളിലേക്കും ഇത്തരം ക്യാമ്പുകള്‍ വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുവായുള്ള കാന്‍സറുകള്‍ കണ്ടെത്താനുള്ള പരിശോധനകള്‍, രക്തസമ്മര്‍ദം, പ്രമേഹ രോഗം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗ പരിശോധന, വിദഗ്ദ്ധ സ്തന പരിശോധന, പോസിറ്റീവ് ആയി കണ്ടവര്‍ക്കായുള്ള മാമോഗ്രാം, ഓറല്‍ വിഷ്വല്‍ പരിശോധന, ഗര്‍ഭാശയ ഗള കാന്‍സര്‍ കണ്ടെത്താനായുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് പരിശോധനയും കൗണ്‍സിലിങും, വന്‍കുടല്‍ കാന്‍സര്‍ പരിശോധനയ്ക്കായുള്ള ഫീക്കല്‍ ഇമ്യൂണോകെമിക്കല്‍ ടെസ്റ്റ് തുടങ്ങിയവയാണ് ക്യാമ്പില്‍ നടത്തിയത്. അഡ്വാന്‍സ്ഡ് പരിശോധനാ ക്യാമ്പില്‍ കോള്‍പോസ്കോപി, യുഎസ്ജി കോറിലേഷന്‍, ഓറല്‍ പഞ്ച് ബയോപ്സി, ട്രൂകട്ട് ബയോപ്സി തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു.
കാര്‍കിനോസ് ഹെല്‍ത്ത്കെയര്‍ 2021 ഏപ്രിലിലാണ് ഇടുക്കി ജില്ലയില്‍ തങ്ങളുടെ ഓങ്കോളജി സേവനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് തുടങ്ങിയ ഇടങ്ങളിലേക്കും വ്യാപിപ്പിച്ചു. കാര്‍കിനോസ് കേരളത്തില്‍ നിലവിലുള്ള മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളില്‍ 12 യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷം 63 കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുമുണ്ട്.