കൊച്ചി: ദേശീയ പാദരോഗ ബോധവല്‍ക്കരണ വാരാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച സൗജന്യ പാദരോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്നു. അതോടൊപ്പം ഷാര്‍ക്കോട്ട് രോഗത്തില്‍ നിന്ന് മുക്തരായവരുടെ സംഗമവും ലേക്ഷോര്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നെത്തിയ അന്‍പതോളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. ചടങ്ങിന്‍റെ ഉദ്ഘാടനം ചലചിത്ര താരം ഉണ്ണിമായ നിര്‍വഹിച്ചു. ഇന്ത്യന്‍ ഫൂട്ട് ആന്‍റ് ആങ്കിള്‍ സൊസൈറ്റിയും വിപിഎസ് ലേക്ഷോര്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി നിരവധിപേര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഫൂട്ട് ആന്‍റ് ആങ്കിള്‍ സൊസൈറ്റി ദേശീയ പ്രസിഡന്‍റ് ഡോ. രാജേഷ് സൈമണ്‍, ഓര്‍ത്തോപീഡിക്സ് വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. ഡെന്നിസ് പി ജോസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി.
ജീവനു തന്നെ ഭീഷണിയായി മാറുന്ന ഷാര്‍ക്കോട്ട് ഫൂട്ട് പോലുള്ള പാദ രോഗങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും രോഗം നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് വിപിഎസ് ലേക്ഷോര്‍ ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്‍റും ഫൂട്ട് ആന്‍റ് ആങ്കിള്‍ സര്‍ജനുമായ ഡോ. രാജേഷ് സൈമണ്‍ പറഞ്ഞു.
ഷാര്‍ക്കോട്ട് ഫൂട്ട് രോഗത്തിന്‍റെ വിവിധ വികാസ ഘട്ടങ്ങളും രോഗികളുടെ ചികിത്സയ്ക്കു മുമ്പും ശേഷവുമുള്ള മാറ്റങ്ങളെ കുറിച്ചും വിശദമാക്കുന്ന പ്രസന്‍റേഷന്‍ ഡോ. ഡെന്നിസ് പി ജോസ് അവതരിപ്പിച്ചു.
കേരളത്തില്‍ ഷാര്‍ക്കോട്ട് ഫൂട്ട് രോഗം രൂക്ഷമായി ബാധിച്ച് പിന്നീട് ചികിത്സയിലൂടെ സുഖംപ്രാപിച്ചവരുടെ ഒരു വാട്സപ്പ് കൂട്ടായ്മയ്ക്കും ഇന്ത്യന്‍ ഫൂട്ട് ആന്‍റ് ആങ്കിള്‍ സൊസൈറ്റി രൂപം നല്‍കി. കാലുകള്‍ വൈകല്യം സംഭവിക്കുകയും കാല്‍മുറിച്ചു മാറ്റലിന്‍റെ വക്കോളമെത്തുകയും ചെയ്ത് പിന്നീട് വിദഗ്ധ ചികിത്സയിലൂടെ സുഖം പ്രാപിച്ച് ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയാണിത്. ഇവരുടെ അനുഭവങ്ങള്‍ പരസ്പരം പങ്കുവെക്കാനും ഡോക്ടര്‍മാരുമായുള്ള ആശയവിനിമയം സുഗമമാക്കാനും കൂടുതല്‍ ജനങ്ങളിലേക്ക് പാദ രോഗ സംബന്ധമായ അറിവുകള്‍ പങ്കുവെക്കുകയും ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മയുടെ രൂപീകരണമെന്നും ഡോ. രാഷേജ് സൈമണ്‍ പറഞ്ഞു