ഒല്ലൂർ : നിര്‍ധനരായ കരള്‍ രോഗികളുടെ ചികിത്സയ്ക്ക് മണപ്പുറം ഫൗണ്ടേഷന്‍ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കി. ഇവരുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍ വാങ്ങി നല്‍കുന്നതിനാണ് ഈ ധനസഹായം. സംസ്ഥാനത്ത് കഴിഞ്ഞ 13 വര്‍ഷത്തിനിടെ കരള്‍ മാറ്റിവെക്കപ്പെട്ടവരുടേയും കരള്‍ ദാതാക്കളുടേയും കൂട്ടായ്മയായ ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള (ലിഫോക്) മുഖേനയാണ് തിരഞ്ഞെടുത്ത രോഗികള്‍ക്ക് മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രത്ബദ്ധതാ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായാണ് ഈ ധനസഹായം ലഭ്യമാക്കുന്നത്. റവന്യു മന്ത്രി കെ രാജനും, സി സി മുകുന്ദന്‍ എംഎല്‍എയും ചേര്‍ന്ന് ചെക്ക് മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസില്‍ നിന്ന് ഏറ്റുവാങ്ങി.
ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരള തൃശൂര്‍ ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത 25 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത 25 പേര്‍ക്കുമാണ് മണപ്പുറം ഫൗണ്ടേഷനും മാകെയര്‍ എറണാകുളം യൂനിറ്റും ചേര്‍ന്ന് സഹായം വിതരണം ചെയ്യുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സഹായം.
ആനക്കൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലിഫോക്ക് ജില്ലാ പ്രസിഡന്റ് ദിലീപ് ഖാദി അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, ഡോ. നോബിള്‍ ഗ്രേഷ്യസ്, ലിഫോക് സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. പി.കെ രവീന്ദ്രന്‍ നന്ദി പറഞ്ഞു.