April 26, 2024

Login to your account

Username *
Password *
Remember Me

കോവിഡ് രോഗികളിൽ അമിതമായ ഉത്കണ്ഠ വർധിക്കുന്നതായി പഠനം

Study shows increased anxiety in covid patients Study shows increased anxiety in covid patients
കൊച്ചി: കോവിഡ് രോഗികളിൽ പാനിക് അറ്റാക്ക് അഥവാ അമിതമായ ഉത്കണ്ഠ വർധിച്ചു വരുന്നതായി പഠനം. വിവാഹിതരിൽ ഇത് കൂടുതലാണെന്നും കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ നടത്തിയ പഠനത്തിൽ പറയുന്നു. കട്ട് ഓഫ് സ്‌കോർ 8 ആയി നിശ്ചയിച്ച്, കോവിഡ് ബാധിതരായ 109 രോഗികളിൽ നടത്തിയ പഠനത്തിൽ 50.5 ശതമാനം പേർക്കും അമിതമായ ഉത്കണ്ഠ ഉള്ളതായാണ് കണ്ടെത്തിയത്. ഏഷ്യൻ പസഫിക് ജേണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിനിൽ ഓഗസ്റ്റ് 30ന് ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു.
ഹൃദയമിടിപ്പ് വർദ്ധിക്കൽ, ശ്വാസതടസ്സം, പേശികളുടെ പിരിമുറുക്കം, നെഞ്ചിലെ അസ്വസ്ഥതകൾ, അമിതമായ വിയർപ്പ് തുടങ്ങിയ ശാരീരിക ലക്ഷണങ്ങളോടൊപ്പം പെട്ടെന്നുണ്ടാകുന്ന അമിതമായ ആശങ്കയും വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള ചിന്തകളും പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങളാണ്.
ശ്വാസതടസ്സവും നെഞ്ചുവേദനയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളായതിനാൽ തന്നെ അമിതമായ ഉത്കണ്ഠ അനുഭവിക്കുന്നവരിൽ പലരിലും ഇത് ഹൃദയാഘാതമായി കരുതാറുണ്ട്. എന്നാൽ ഇസിജി ഉൾപ്പടെയുള്ള പരിശോധനകളിൽ പ്രവർത്തനങ്ങൾ സാധാരണമായിരിക്കും. അതിനാൽ തന്നെ ഇതിൽ ശരിയായ രോഗനിർണയം നടത്തേണ്ടത് വളരെ പ്രധാനമാണ്. ഒരു പാനിക് അറ്റാക്കിന്റെ ദൈർഘ്യം ഏതാനും സെക്കൻഡുകൾ മുതൽ മണിക്കൂറുകൾ വരെ അനുഭവപ്പെടാം. എന്നാൽ സാധാരണയായി ലക്ഷണങ്ങൾ ആരംഭിച്ച് പത്ത് മിനിറ്റിനുള്ളിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ഏകദേശം 30 മിനിറ്റ് വരെ നീണ്ടുനിൽക്കുകയും ചെയ്യും. തീവ്രതയോടെ പാനിക് അറ്റാക്ക് വരുമോയെന്ന ഭയമുണ്ടാകുകയും ചെയ്യുമ്പോഴാണ് പാനിക് ഡിസോർഡറിനുള്ള സാധ്യതയുണ്ടാകുന്നത്.
പഠനത്തിന് വിധേയരായവരിൽ 54.3 ശതമാനം വിവാഹിതരായ രോഗികളിലും 32 ശതമാനം അവിവാഹിതരിലും പാനിക് ഡിസോർഡർ കണ്ടത്തിയതായി പഠനത്തിന് നേതൃത്വം നൽകിയ കൊച്ചി അമൃത ഹോസ്പിറ്റലിലെ സൈക്യാട്രി ആൻഡ് ബിഹേവിയർ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലക്ഷ്മി കെ പി പറഞ്ഞു. ഭാര്യയോ, ഭർത്താവോ മരിച്ചവരായ, പഠനവിധേയരായ എല്ലാ രോഗികളിലും ഈ അവസ്ഥതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ജോലിയുള്ളവരും തൊഴിൽരഹിതരുമായ രോഗികളിലും പാനിക് ഡിസോർഡറിന്റെ വ്യാപനം ഏതാണ്ട് തുല്യമാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. മറ്റ് ശാരീരിക - മാനസിക രോഗങ്ങളുള്ള രോഗികളിൽ പാനിക് ഡിസോർഡറിന്റെ വ്യാപനം കൂടുതലാണെന്നും പഠനത്തിലുണ്ട്. പുകവലിക്കാരിൽ വ്യാപനം കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
കുടുംബത്തെ സംബന്ധിച്ചും കോവിഡ് കാലത്തെ ജോലിയുടെ അനിശ്ചിതത്വത്തെപ്പറ്റിയുമെല്ലാമുള്ള ആശങ്കകളായിരിക്കാം വിവാഹിതരായ രോഗികൾക്കിടയിൽ പാനിക് ഡിസോർഡർ വർധിക്കാനുള്ള കാരണങ്ങളെന്ന് ഡോ. ലക്ഷ്മി പറഞ്ഞു. പുകയില കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതുകൊണ്ടാകാം പുകവലിക്കാരിൽ അമിതമായ ഉത്കണ്ഠ വർധിക്കുന്നത്. കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിലാണ് ഈ പഠനം നടത്തിയതെന്നും വീടുകളിൽ വിശ്രമത്തിലായിരുന്ന രോഗികൾക്കിടയിൽ ഈ ഫലങ്ങൾ സമാനമാകണമെന്നില്ലെന്നും ഡോ.ലക്ഷ്മി വ്യക്തമാക്കി.
എന്താണ് കാരണം എന്നതിനെ അടിസ്ഥാനമാക്കിയാണ് പാനിക് അറ്റാക്കിനുള്ള ചികിത്സ നിശ്ചയിക്കുന്നത്. പാനിക് ഡിസോർഡറിന് സൈക്കോതെറാപ്പിയിലൂടെയും മരുന്നുകൾ ഉപയോഗിച്ചും ചികിത്സിക്കാം. ജീവിതശൈലിയിൽ മാറ്റം വരുത്തിയും, ശ്വസന വ്യായാമങ്ങളിലൂടെയും ഇതിന് പരിഹാരം കണ്ടെത്താനാകുമെന്നും ഡോ. ലക്ഷ്മി കൂട്ടിച്ചേർത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.