ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറിലെ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. ഓണത്തിരക്കിനിടയിലും സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളെ പരിചയപ്പെടുത്താന്‍ ഉദ്യോഗസ്ഥരും ആക്ടീവാണ്. വിവിധ പാഠ്യപദ്ധതികള്‍ പരിചയപ്പെടുത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് സംശയനിവാരണം നടത്തുന്നത്. ലോകമെമ്പാടും മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രചരണം ലക്ഷ്യമാക്കുന്ന മലയാളമിഷന്‍ പദ്ധതിയും അതിനുകീഴില്‍ വരുന്ന കോഴ്സുകളും സാംസ്‌കാരിക വകുപ്പിന്റെ സ്റ്റാളില്‍
പരിചയപ്പെടുത്തുന്നു. തീരമൈത്രി ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഫിഷറീസ് വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനു കീഴിലെ ചെറുകിടവ്യാപാരങ്ങളുമായി ടൂറിസം വകുപ്പും കയറുത്പന്നങ്ങളുമായി കയര്‍ഫെഡും അണിനിരന്നു. ഇതുവഴി ചെറുകിട വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനും ഇത്തരം സംരംഭങ്ങളെ ജനങ്ങളിലെത്തിക്കാനും സാധ്യമാകുന്നു. കൂടാതെ വോട്ടര്‍ പട്ടികയുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കുള്ള ഹെല്‍പ് ഡെസ്‌ക് സൗകര്യവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.