എല്ലാ ദിവസവും ഉപയോഗിക്കുന്ന കുടിവെള്ളം സുരക്ഷിതമാണോയെന്ന്് സംശയിക്കുന്നുണ്ടോ?, വല്ലാതങ്ങ് റിസ്‌കെടുക്കേണ്ട, സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടു വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തിയാല്‍ സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറി വഴി ഭക്ഷ്യ വസ്തുക്കള്‍, വെള്ളം, ഭക്ഷ്യയെണ്ണ തുടങ്ങിയവയുടെ പ്രാഥമിക പരിശോധനക്കുള്ള അവസരമുണ്ട്. ഗുണമേന്മാ പരിശോധനാ ഫലം ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
വെളിച്ചെണ്ണയുടെ ഗുണനിലവാരം കണ്ടെത്താനുള്ള റിഫ്രാക്ടോമീറ്റര്‍, വെള്ളത്തിലെ പിഎച്ച് നിലവാരം കണ്ടെത്താനുള്ള പിഎച്ച് മീറ്റര്‍, ഭക്ഷ്യയെണ്ണയുടെ കാലപ്പഴക്കം കണ്ടെത്താനുള്ള ഫ്രൈയിംഗ് ഓയില്‍ മോണിറ്റര്‍, പാലിന്റെ ഗുണനിലവാരം അളക്കുന്ന മില്‍ക്കോ മീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളാണ് സഞ്ചരിക്കുന്ന ലബോറട്ടറിയിലുള്ളത്. ഇതിന് പുറമെ മൈക്രോ ബയോളജി പരിശോധനകള്‍ നടത്താന്‍ സഹായിക്കുന്ന ലാമിനാര്‍ എയര്‍ഫ്‌ളോ സെക്ഷനും ഫ്യൂം ഗുഡ് സെക്ഷനും വാഹനത്തിലുണ്ട്.
വെള്ളത്തിന്റെ പിഎച്ച് നിലവാരം, അമോണിയ, ഇരുമ്പ് തുടങ്ങിയവയുടെ സാന്നിധ്യം എന്നിവയാണ് സഞ്ചരിക്കുന്ന ലാബില്‍ പരിശോധിക്കാന്‍ കഴിയുന്നത്. പിഎച്ച് നിലവാരം അനുവദിനീയമായതില്‍ കൂടുതലോ കുറവോ ആണെങ്കില്‍ അത് പരിഹരിക്കേണ്ട മാര്‍ഗങ്ങളും ഭക്ഷ്യസുരക്ഷാ ലാബിലെ സാങ്കേതിക വിദഗ്ദ്ധര്‍ വിശദീകരിച്ച് നല്‍കും. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്ലാസുകളും ഇതിനോടനുബന്ധിച്ച് നടക്കും. മെഗാ മേള നടക്കുന്ന കനക്കുന്നിലെ മൊബൈല്‍ യൂണിറ്റുകള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ഭാഗത്തെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് ഈ സേവനം സൗജന്യമായി ലഭ്യമാകുന്നതാണ്.