ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിൽ നിപ്പ രോഗബാധിതനായ കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി പി.ടി.എ റഹീം എംഎൽഎ പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഴൂർ പ്രദേശത്തോട് ചേർന്നുള്ള മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രദേശത്തുള്ളവരെ പുറത്തേക്ക് പോകുന്നതിനോ, ഇതര ഭാഗങ്ങളിൽ നിന്ന് ആളുകളെ ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നതിനോ അനുവദിക്കില്ല. നിത്യോപയോഗ സാധനങ്ങളുടെ കടകൾ രാവിലെ 7 മുതൽ ഉച്ചക്ക് 2 മണിവരെ പ്രവർത്തിക്കും. വീടുകളിൽ താമസിക്കുന്നവർക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങൾ ആർ.ആർ.ടിമാർ മുഖേന ലഭ്യമാക്കും. നിത്യോപയോഗ സാധനങ്ങൾ കടകളിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള വാഹനങ്ങൾക്ക് മാത്രമേ അനുമതി നൽകുകയുള്ളൂ.
പാഴൂരിന് മൂന്ന് കി.മീറ്റർ ചുറ്റളവിലുള്ള താമസക്കാരിൽ മാരക രോഗത്തിന് ചികിത്സ, പരീക്ഷ, ഗൾഫിൽ പോവൽ എന്നീ ആവശ്യങ്ങൾക്കായുള്ളവർക്ക് മാത്രമേ യാത്ര ചെയ്യുന്നതിന് ഇളവുണ്ടാവുകയുള്ളൂ. അവശ്യ സർവീസ് ജീവനക്കാർ, പഞ്ചായത്ത്, വില്ലേജ് ഓഫീസ് ജീവനക്കാർ എന്നിവർക്കും ഇളവ് ബാധകമാണ്.
പഞ്ചായത്തിൽ പൊതുവിലുള്ള നിയന്ത്രണങ്ങൾ തുടരും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വവ്വാലുകളെ ആവാസ സ്ഥലത്തെത്തി നശിപ്പിക്കുന്നതിനുള്ള പ്രവണത തടയുന്നതിന് തീരുമാനിച്ചതായും എം.എൽ.എ പറഞ്ഞു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം സുഷമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.പി.എ സിദ്ധീഖ്, റീന മാണ്ടിക്കാവിൽ, എം.പി പുഷ്പ, മാവൂർ, കുന്നമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാർ, പൂളക്കോട്, ചാത്തമംഗലം വില്ലേജ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ, വെറ്റിനറി ഡോക്ടർ തുടങ്ങിയവർ സംബന്ധിച്ചു.