May 04, 2024

Login to your account

Username *
Password *
Remember Me

ക്ഷയരോഗ മുക്ത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Tuberculosis Free Kerala Goal: Minister Veena George Tuberculosis Free Kerala Goal: Minister Veena George
തിരുവനന്തപുരം: ക്ഷയരോഗ മുക്ത കേരളമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്താകമാനം സമീപകാലത്ത് ആരോഗ്യമേഖല ഇത്രയേറെ വെല്ലുവിളി നേരിട്ടിട്ടില്ല. അവിടെയാണ് കഴിഞ്ഞ വര്‍ഷം മാത്രം 15 ശതമാനം ക്ഷയരോഗികളുടെ കുറവ് കേരളത്തിലുണ്ടായത്. കോവിഡിന്റെ സാഹചര്യമില്ലായിരുന്നെങ്കില്‍ ലക്ഷ്യത്തോട് അടുക്കുമായിരുന്നു. സംസ്ഥാനത്തെ 2025 ഓടുകൂടി ക്ഷയരോഗ മുക്തമാക്കുകയാണ് ലക്ഷ്യം. മലേറിയ പോലുള്ള അസുഖങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. നവകേരളം രണ്ടിന്റെ ഭാഗമായി പന്ത്രണ്ടിന കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. അതിലൊന്നാണ് ഇതുപോലെയുള്ള രോഗങ്ങള്‍ തടയുക എന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സൗജന്യ ക്ഷയരോഗ പരിശോധനയ്ക്കായി കേരളത്തില്‍ 618 കേന്ദ്രങ്ങളില്‍ അംഗീകൃത ലാബുകളുണ്ട്. താഴെത്തട്ടുമുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ക്ഷയരോഗ പരിശോധനയ്ക്കും ചികിത്സയ്ക്കുമായുള്ള ആധുനിക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. എല്ലാ ജില്ലാ ക്ഷയരോഗ കേന്ദ്രങ്ങളോട് അനുബന്ധമായും തെരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ കോളേജുകളിലും ക്ഷയരോഗ നിര്‍ണയവും മരുന്നുകളോടുള്ള പ്രതിരോധം നേരത്തെ കണ്ടെത്തുന്നതിനുള്ള സൗജന്യ സിബിനാറ്റ് പരിശോധനാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങള്‍ ഇന്ത്യയില്‍ തന്നെ ഒന്നാമതാണ്. പതിറ്റാണ്ടുകളായ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. ജീവിതശൈലീ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. 30 വയസിന് മുകളിലുള്ളവരിലെ ജീവിതശൈലീ രോഗങ്ങള്‍ കുറച്ച് കൊണ്ടുവരുന്നതിനായി ജനകീയ കാമ്പയിന്‍ ആരംഭിക്കുകയാണ്. 140 നിയോജക മണ്ഡലങ്ങളിലും ഈ വര്‍ഷം ഒരു തദ്ദേശ സ്ഥാപനം തെരഞ്ഞെടുക്കും. ആ തദ്ദേശ സ്ഥാപനത്തിലുള്ള എല്ലാ വീടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ജീവിതശൈലീ രോഗങ്ങളുള്ളവരേയും റിസ്‌ക് ഫാക്ടര്‍ ഉള്ളവരേയും കണ്ടെത്തും. 30 വയസിന് മുകളിലുള്ളവരെ ജീവിതശൈലീ രോഗ പരിശോധന നടത്തും. ഇവര്‍ക്ക് മതിയായ ചികിത്സയും അവബോധവും നല്‍കുന്നതാണ്.
ഈ വര്‍ഷത്തെ ക്ഷയരോഗ ദിനാചരണം നടക്കുന്നത് ദേശീയ പുരസ്‌കാര നിറവിലാണ്. സില്‍വര്‍ കാറ്റഗറിയില്‍ അവാര്‍ഡ് നേടുന്ന ഏക സംസ്ഥാനമാണ് കേരളം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് സംസ്ഥാനത്തിനിത് നേടാന്‍ സാധിച്ചത്. 2015നെ അപേക്ഷിച്ച് 2021ല്‍ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് പുരസ്‌കാരം ലഭിച്ചത്. കേരളത്തിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, സ്റ്റേറ്റ് ടി.ബി. ഓഫീസര്‍ ഡോ. എം. സുനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ് ജി. ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണന്‍, ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മോഹനന്‍ നായര്‍, ഡോ. ദീപു സുരേന്ദ്രന്‍, ഡോ. പൂജ, കെ.എന്‍. അജയ് എന്നിവര്‍ പങ്കെടുത്തു.
രാവിലെ നടന്ന ക്ഷയരോഗ ബോധവത്ക്കരണ റാലി സൂപ്രണ്ട് ഓഫ് പോലീസ് എന്‍. വിജയകുമാര്‍ ഫ്‌ളാഗോഫ് ചെയ്തു. ക്ഷയരോഗവും ചികിത്സയും, സ്ത്രീകളിലെ ക്ഷയരോഗം, കുട്ടികളിലെ ക്ഷയരോഗവും പ്രതിരോധ മാര്‍ഗങ്ങളും, ജീവിതശൈലീ രോഗങ്ങളും ക്ഷയരോഗങ്ങളും, ക്ഷയരോഗ പ്രതിരോധ ചികിത്സ, ഡ്രഗ് റസിസ്റ്റന്റ് ടിബിയും ചികിത്സയും, ക്ഷയരോഗവും സാമൂഹിക പ്രതിബദ്ധതയും- നൂതന ക്ഷയരോഗ പരിശോധനാ മാര്‍ഗങ്ങളും എന്നീ വിഷയങ്ങളെപ്പറ്റി ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.