തിരുവനന്തപുരം: മസ്തിഷ്ക മരണാനന്തരം വഴി ലഭിക്കുന്ന അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും പരിപാലനം കാര്യക്ഷമമാക്കുവാനുമുള്ള നൂതന പെർഫ്യൂഷൻ മെഷീന്റെ പ്രവർത്തന രീതിയെക്കുറിച്ച് പരിശീലനം .സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നടന്ന പരിശീലന പരിപാടിയിൽ സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ നിന്നെത്തിയ അബ്ഡൊമിനൽ ട്രാൻസ്പ്ലാന്റ് സർജൻ ഡോ ആൻഡ്രിയ ഷെലെഗെൽ, ഹൈപോതെർമിക് ഓക്‌സിജനറേറ്റഡ് പെർഫ്യൂഷൻ മെഷീൻ എന്ന ഉപകരണത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു.
നിലവിൽ വിദേശരാജ്യങ്ങളിലാണ് ഈ മെഷ്യന്റെ സേവനം ഉപയോഗിക്കുന്നത്. വളരെ സങ്കീർണമായ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയാവേളയിൽ ശസ്ത്രക്രിയ വഴിയോ മറ്റു കാരണം കൊണ്ടോ അവയവങ്ങൾക്ക് പരിക്കുകകളും ചെറിയ കേടുപാടുകളും ഉണ്ടാകാം. അക്കാരണത്താൽ അവയവങ്ങൾ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. എന്നാൽ ഹൈപോതെർമിക് ഓക്‌സിജനറേറ്റഡ് പെർഫ്യൂഷൻ മെഷീന്റെ സഹായത്തോടെ ഇത്തരം അവയവങ്ങൾ പരമാവധി ശസ്ത്രക്രിയക്കു ഉപയോഗിക്കുവാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് പരിചയപ്പെടുത്തിയത്. വൃദ്ധരുടെ അവയവങ്ങൾ പോലും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ മെഷീന്റെ സഹായത്താൽ സാധ്യമാവും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കെ സോട്ടോയും (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പാറ്റേഷൻ ഓർഗനൈസഷൻ) മെഡിക്കൽ കോളേജിലെ സർജിക്കൽ ലിവർ വിഭാഗവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറാവർഗീസ് ഡോ ആൻഡ്രിയ ഷെലെഗെലിനെ പരിചയപ്പെടുത്തി. സർജിക്കൽ ഗ്യാസ്ട്രോ എൻറോളജി വിഭാഗം മേധാവി ഡോ രമേഷ് രാജൻ, കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ നോബിൾ ഗ്രേഷ്യസ് , ട്രാൻസ് പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ അനിൽ സത്യദാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.