കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളില്‍ നിന്നും നല്ല രീതിയിലുള്ള അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് പദ്ധതി പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കുവാന്‍ തീരുമാനിച്ചത്. ആസ്റ്റര്‍ മിംസിന്റെ ഹോം കെയര്‍ വിഭാഗമായ ആസ്റ്റര്‍ @ ഹോമിലെ ജീവനക്കാരാണ് ലബോറട്ടറി പരിശോധനകള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനാണ് പൊട്ടാഫോ ഹെല്‍ത്തിന്റെ ലോഞ്ചിങ്ങ് നിര്‍വ്വഹിച്ചത്. കേരളത്തിന്റെ ആതുരസേവന മേഖലയില്‍ ഇത്തരത്തിലുള്ള ഒരു സംയുക്ത സംരംഭം ആദ്യമായാണെന്നും, തികച്ചും വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്ക് പൊതുവായ ഒരു ലക്ഷ്യത്തിന് വേണ്ടി ഏകീകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പൊട്ടാഫോ ഹെല്‍ത്ത് എന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളും മറ്റും വാങ്ങിക്കുവാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്കും, ലബോറട്ടറി പരിശോധനകള്‍ ആശുപത്രിയിലെത്തി നിര്‍വ്വഹിക്കാന്‍ സാധിക്കാത്തവര്‍ക്കും പൊട്ടാഫോ ഹെല്‍ത്ത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും അനായാസകരമായി മരുന്നുകളും ലബോറട്ടറി പരിശോധനകളും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് പൊട്ടാഫോ ഹെല്‍ത്തിന്റെ പ്രധാന സവിശേഷത. ഇതിനായി പ്ലേസ്റ്റോറില്‍ നിന്ന് പൊട്ടാഫോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യ ഘട്ടം. തുടര്‍ന്ന് മരുന്നിന്റെ പ്രിസ്‌ക്രിപ്ഷനും ലൊക്കേഷനും ആപ്പില്‍ അപ് ലോഡ് ചെയ്താല്‍ പൊട്ടാഫോ ഹെല്‍ത്തിന്റെ ജീവനക്കാര്‍ തിരികെ ബന്ധപ്പെടുകയും മരുന്നിന്റെ തുക, എത്തിച്ചേരുന്ന സമയം മുതലായവ ബോധ്യപ്പെടുത്തുകയും ചെയ്യും. തുടര്‍ന്ന് കസ്റ്റമറുടെ കണ്‍ഫര്‍മേഷന്‍ ലഭിച്ചശേഷം പെട്ടെന്ന് തന്നെ മരുന്ന്/ലബോറട്ടറി പരിശോധന നടത്തുന്ന ജീവനക്കാര്‍ വീട്ടിലെത്തിച്ചേരുകയും ആവശ്യം നിറവേറ്റുകയും ചെയ്യും.
കോഴിക്കോട് കോര്‍പ്പറേന്‍ പരിധിയിലാണ് പ്രാഥമിക ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. പത്രസമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള), ഡോ ജഷീറ മുഹമ്മദ്‌കുട്ടി(ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ് & കോഓർഡിനേറ്റർ ആസ്റ്റർ അറ്റ് ഹോം), ഡോ അനിത ജോസഫ് (ഫാർമസി മാനേജർ & ഹെഡ് ക്ലിനിക്കൽ ഫാർമസി മാഗ്ഡി അഷ്‌റഫ് (മാനേജിങ്ങ് ഡയറക്ടര്‍, പൊട്ടാഫോപ്രൈവറ്റ് ലിമിറ്റഡ്), റഷാദ് (കോ ഫൗണ്ടർ പൊട്ടാഫോപ്രൈവറ്റ് ലിമിറ്റഡ്) എന്നിവര്‍ പങ്കെടുത്തു.